ബാങ്കോക്ക്: അഭ്യൂഹങ്ങൾക്കൊടുവിൽ ആ വാർത്തയെത്തി. തായ്‍ലാൻഡ് രക്ഷാദൗത്യം സിനിമയാകും. തായ്‍ലാൻഡ് രക്ഷാദൗത്യം ആസ്പദമാക്കി രണ്ടുചിത്രങ്ങളിറങ്ങുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. യു.എസ്. നിർമാതാക്കളായ പ്യുവർ ഫ്ലിക്സ് എൻറർടെയ്ൻമെന്റും യു.എസ്. സംവിധായകൻ ജോൻ ചുവുമാണ് തായ് സംഭവം സിനിമയാക്കുമെന്ന് അറിയിച്ചത്.ഗുഹയിൽക്കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ച അടിയന്തര രക്ഷാദൗത്യത്തിന്റെ ദിവസങ്ങളിൽ ഹോളിവുഡ് നിർമാതാക്കൾ തായ്‍ലാൻഡിലെ ചിയാങ് റായിലെത്തിയതോടെ സിനിമാ അഭ്യൂഹം ശക്തമായിരുന്നു. ഗുഹയിൽപ്പെട്ട മുഴുവൻപേരെയും രക്ഷിച്ചതിന് തൊട്ടുപിന്നാലെ പ്യുവർ ഫ്ലിക്സ് എൻറർടെയ്ൻമെന്റാണ് ആദ്യം പ്രഖ്യാപനം നടത്തിയത്. ക്രൈസ്തവ വിശ്വാസത്തിലധിഷ്ഠിതമായ സിനിമകൾ നിർമിക്കുന്ന കമ്പനിയാണ് പ്യുവർ ഫ്ലിക്സ്. ഇതിനെ ക്രൈസ്തവ വിശ്വാസങ്ങളിലധിഷ്ഠിതമായ സിനിമയായിട്ടല്ല പകരം പ്രചോദനപരമായ സിനിമയായാണ് നിർമിക്കുകയെന്ന് പ്യുവർ ഫ്ലിക്സ് സി.ഇ.ഒ. മൈക്കിൾ ഇല്ലിസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ജോൻ ചു സിനിമയെടുക്കുന്ന വിവരം പരസ്യപ്പെടുത്തിയത്. പ്രഖ്യാപനത്തോടൊപ്പം ചു പ്യുവർ ഫ്ലിക്സിനെ പരിഹസിക്കുകയുംചെയ്തു. മനുഷ്യൻ മനുഷ്യനെ എങ്ങനെയാണ് രക്ഷിച്ചെടുത്തതെന്ന മനോഹരമായ കഥയാണിത്. അതിന്റെ ചരിത്രത്തെ വെള്ളപൂശിക്കാട്ടാൻ അനുവദിക്കാനാവില്ല. ആ കഥയെ ശരിയായ രീതിയിൽ ബഹുമാനത്തോടെയാവണം സമീപിക്കേണ്ടതെന്നും ചു ‘ട്വിറ്ററി’ൽ പറഞ്ഞു. എന്തായാലും വളരെ കുറച്ചുപേർമാത്രം നേരിട്ടുകണ്ട ആ ചരിത്രദൗത്യത്തെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ലോകം.
from mathrubhumi.latestnews.rssfeed https://ift.tt/2LcanAE
via
IFTTT