Breaking

Friday, July 13, 2018

പക്ഷിമുട്ട പൊട്ടിച്ച കുട്ടിയെ വീടിനുപുറത്ത്‌ നിർത്തിയത് 11 ദിവസം

ജയ്‍പുർ: പക്ഷിമുട്ട പൊട്ടിച്ചതിന്‌ ശിക്ഷയായി അഞ്ചുവയസ്സുകാരിയെ 11 ദിവസം വീടിനുപുറത്ത്‌ നിർത്തി. സംഭവത്തിൽ ഗ്രാമത്തലവൻമാർക്കെതിരേ നടപടിക്കൊരുങ്ങി രാജസ്ഥാൻ ബാലാവകാശസമിതി. ഹിന്ദോളി ഗ്രാമത്തിലാണ് സംഭവം. ജൂലായ് രണ്ടിന്‌ ആദ്യമായി സ്കൂളിലെത്തിയ കുട്ടി, പാലുവാങ്ങാൻ വരിനിൽക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി അബദ്ധത്തിൽ പക്ഷിമുട്ട പൊട്ടിച്ചത്. സംഭവം ഗ്രാമത്തലമാർക്കുമുന്നിലെത്തി.ആദ്യം കുട്ടിയുടെ അച്ഛനോട്‌ മദ്യവും ലഘുഭക്ഷണവും നൽകാനും വായ്പയായി എടുത്ത 1500 രൂപ തിരിച്ചുതരാനുമാണ് ഗ്രാമത്തലൻമാർ ആവശ്യപ്പെട്ടത്. ഇതിന്‌ സാധിക്കാത്തതിനാൽ കുട്ടിയെ 11 ദിവസം വീടിനുപുറത്താക്കാൻ നിർദേശിച്ചു. കടുത്തചൂടിൽ കയറുകട്ടിലിലാണ് 11 ദിവസം പെൺകുട്ടി കഴിച്ചുകൂട്ടിയത്. ഈ ദിവസങ്ങളിൽ, എല്ലാവരും തൊട്ടുകൂടാത്തവളോടെന്നപോലെയാണ് കുട്ടിയോട്‌ പെരുമാറിയത്. കുട്ടിയുടെ അമ്മയ്ക്ക്‌ ആശ്ലേഷിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല. ഇവരുടെ വീട്ടിൽനിന്ന്‌ വെള്ളംപോലും കുടിക്കരുതെന്നും കുട്ടിയുടെ ഗർഭിണിയായ അമ്മയുടെ പ്രസവമെടുക്കാൻ ആരും പോകരുതെന്നും ഗ്രാമവാസികൾക്ക്‌ നിർദേശമുണ്ടായി. 11 ദിവസംകഴിഞ്ഞ്‌ വീട്ടിൽ കയറുന്പോൾ ‘ഗംഗാസ്നാനം’ നടത്താനും നിർദേശിച്ചിരുന്നു.കുട്ടിയെ അമ്മയിൽനിന്ന്‌ അകറ്റിയതിനും ജാതി മുൻനിർത്തി നടത്തിയ മാനസികപീഡനത്തിനും ഗ്രാമത്തലവൻമാർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ ബാലാവകാശസമിതി അദ്ധ്യക്ഷ മനൻ ചതുർവേദി ഉത്തരവിട്ടു. ഗ്രാമത്തിലെ സർപാഞ്ചുകളുമായി നിരന്തരം ആശയവിനിമയം നടത്താനും ഇത്തരം പ്രാകൃതമായ നടപടികൾ സ്വീകരിക്കുന്നതിനെതിരേ ബോധവത്കരണം നടത്താനും ബ്ലോക്ക് വികസനവകുപ്പ് അധികൃതർക്ക്‌ നിർദേശം നൽകിയതായും മനൻ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Lhe3NW
via IFTTT