അമ്പലപ്പുഴ: മോഷണം നടത്തിയ സ്വർണാഭരണങ്ങൾ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീടിന് മുമ്പിൽ കൊണ്ടുവച്ച് കള്ളന്റെ മാപ്പപേക്ഷ.. അമ്പലപ്പുഴ കരുമാടി സരസുധയിൽ മധുകുമാറിന്റെ വീട്ടിലാണ് സംഭവം. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയിരുന്നു. ചൊവ്വാഴ്ചരാത്രിയാണ് മടങ്ങിയെത്തിയത്. മുൻവശത്തെ വാതിൽ അകത്തുനിന്ന് പൂട്ടുന്നതിനാൽ അടുക്കളവാതിൽ വഴിയാണ് ഇവർ അകത്തുകയറുന്നത്. അടുക്കളവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. വീടിനുള്ളിലെ രണ്ട് അലമാരകളിലെയും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന ആറുജോഡിക്കമ്മലും രണ്ട്മോതിരങ്ങളുമായി ഒന്നര പവനാണ് നഷ്ടപ്പെട്ടത്. കുഞ്ഞുങ്ങളുടേതാണ് ആഭരണങ്ങൾ. രാത്രിതന്നെ ഇവർ അമ്പലപ്പുഴ പോലീസിൽ അറിയിച്ചു. പോലീസെത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷമാണ് ഇവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ ചെറുതനയിലേയ്ക്ക് പോയത്. പോലീസ് വിരലടയാള വിദഗ്ധർ വീട്ടിലെത്തി തെളിവെടുത്തു. ബുധനാഴ്ച വൈകീട്ട് വീട്ടുകാർ മടങ്ങിയെത്തി. വ്യാഴാഴ്ച രാവിലെയാണ് പ്ലാസ്റ്റിക് കൂടിലാക്കി വീടിന്റെ ഗേറ്റിൽ തൂക്കിയിട്ട നിലയിൽ ആഭരണങ്ങൾ ലഭിച്ചത്. ഒപ്പം ഒരുതുണ്ടുകടലാസിൽ മാപ്പപേക്ഷയും ഉണ്ടായിരുന്നു. അക്ഷരത്തെറ്റുകൾ നിറഞ്ഞ മാപ്പപേക്ഷയിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: 'എന്നോട് മാപ്പ് നൽകുക. എൻറെ നിവൃത്തികേട് കൊണ്ട് സംഭവിച്ചതാണ്. മാപ്പ്. ഇനി ഞാൻ ഇങ്ങനെ ഒരുകാര്യവും ചെയ്യില്ല. മാപ്പ് മാപ്പ് മാപ്പ്. എന്നെ പോലീസിൽ പിടിപ്പിക്കരുത്. മാപ്പ് മാപ്പ് മാപ്പ്. ഞാൻ എടുത്ത എല്ലാസാധനങ്ങളും ഇവിടെ വച്ചു.' ആഭരണം തിരിച്ചുകിട്ടിയ വിവരം വീട്ടുകാർ പോലീസിൽ അറിയിച്ചു. മാപ്പപേക്ഷയും പോലീസിന് കൈമാറി. നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം തിരിച്ചുകിട്ടിയതായി മധുകുമാർ പറഞ്ഞു. വിദേശത്ത് ജോലിചെയ്യുന്ന ഇദ്ദേഹം വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനായി അവധിയ്ക്ക് നാട്ടിലെത്തിയതാണ്. പരാതിയിൽ അന്വേഷണം തുടരുകയാണെന്ന് സി.ഐ. ബിജു വി.നായർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Jgy59K
via
IFTTT