Breaking

Thursday, September 16, 2021

സികെ ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായി; കൽപ്പറ്റയിലെ തോൽവിയിൽ സി.പി.എമ്മിൽ നടപടി

കൽപ്പറ്റ: നിയമസഭാതിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തോൽവിയിൽ സി.പി.എമ്മിൽ കൂട്ടനടപടി. ഏരിയാ സെക്രട്ടറി എം. മധുവിന് താക്കീത് നൽകാനും ലോക്കൽ സെക്രട്ടറി പി.കെ. അബുവിനെ ചുമതലയിൽനിന്ന് നീക്കാനും തീരുമാനിച്ചു. ഏരിയാകമ്മിറ്റിയംഗം പി. സാജിതയെ പാർട്ടിചുമതലകളിൽനിന്ന് ഒഴിവാക്കി. തോൽവിയെക്കുറിച്ചുപഠിച്ച പാർട്ടി ജില്ലാതല അന്വേഷണ കമ്മിഷന്റെ ശുപാർശപ്രകാരമാണ് നടപടി. മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. സി.കെ. ശശീന്ദ്രൻ സംസ്ഥാനകമ്മിറ്റിയംഗമായതിനാൽ ജില്ലാകമ്മിറ്റിക്ക് നടപടിയെടുക്കാനാവില്ല. കണ്ടെത്തൽ സംസ്ഥാനകമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് അറിയുന്നു. കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാകമ്മിറ്റിയോഗത്തിൽ കണ്ടെത്തലുകൾ റിപ്പോർട്ടുചെയ്തതെന്നാണ് അറിയാൻ കഴിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി. മുൻതവണ സി.കെ. ശശീന്ദ്രൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച കല്പറ്റയിലെ പരാജയം ചർച്ചയായിരുന്നു. എൽ.ജെ.ഡി.യും സി.പി.എമ്മിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് പാർട്ടി അന്വേഷണം നടത്തിയത്. Content highlights: CPM take action against Wayanad Leaders


from mathrubhumi.latestnews.rssfeed https://ift.tt/3kcL3e9
via IFTTT