ആലുവ: ഇടുക്കി വണ്ടൻമേട് പാലത്തറ വീട്ടിൽ പി.എം. സുരേഷ് (46) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. ആലുവ രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച സുരേഷിന്റെ അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാനം നടത്തിയത്. ചുമട്ടുതൊഴിലാളിയായ സുരേഷ് 24-ന് രാത്രിയോടെ വണ്ടൻമേട്ടിലെ ജോലിസ്ഥലത്തെ ചവിട്ടുപടിയിൽ നിന്നു തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ 25-ന് എറണാകുളം രാജഗിരി ആശുപത്രിയിലെത്തിച്ചു. ചികിത്സകൾ പുരോഗമിക്കവേ കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചു. അവയവദാനത്തിന് ഭാര്യ ബിന്ദു സുരേഷ്, മക്കൾ അജീഷ് (22), വിനീഷ് (19), വീണ (17) എന്നിവർ സ്വമേധയാ രംഗത്തുവരികയായിരുന്നു. അച്ഛൻതന്നെ അവയവദാനത്തിന്റെ മഹത്ത്വത്തെ കുറിച്ച് പറഞ്ഞിരുന്നതായി മകനും ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുമായ വിനീഷ് പറഞ്ഞു. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള രോഗിക്കാണ് നൽകുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജ്, ഒരു വൃക്ക ലേക്ഷോർ കൊച്ചി, കണ്ണുകൾ എൽ.എഫ്. അങ്കമാലി എന്നിവിടങ്ങളിലാണ് നൽകുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും ക്രമീകരണങ്ങളൊരുക്കി. കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. അവയവദാനത്തിനായി മുന്നോട്ടു വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആദരവറിയിച്ചു. രാജഗിരി ആശുപത്രിയിൽ െവച്ച് മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ നേവിസിന്റെ ഹൃദയമടക്കം ഏഴ് അവയവങ്ങൾ ശനിയാഴ്ച ദാനം ചെയ്തിരുന്നു. Content Highlights:Brain-dead Idukki man who saves five lives
from mathrubhumi.latestnews.rssfeed https://ift.tt/3ofJYVu
via
IFTTT