പാലക്കാട്: എന്റെ മകനെ കണ്ടോ, അവൻതന്നെയാണോ ഇവിടെ വന്നത്. ഇതുവരെയും വീട്ടിൽതിരിച്ചെത്തിയില്ല... വാളയാർ ഡാമിന്റെ പരിസരത്ത് തടിച്ചുകൂടിനിൽക്കുന്ന നാട്ടുകാരോട് ഇടറിയ ശബ്ദത്തിൽ ആ അച്ഛൻ ചോദിച്ചു. ആ ചോദ്യത്തിന് മറുപടി നൽകാൻ ആർക്കുമായില്ല. ഡാമിന്റെ കരയിൽ അഴിച്ചുവെച്ചിരുന്ന പാന്റും ഷർട്ടുമെല്ലാം എടുത്തുനോക്കി. പിന്നീട് അടങ്ങാത്ത കണ്ണീരുമാത്രമാണ് ആ കണ്ണുകളിൽ കാണാനായത്. വാളയാർ ഡാമിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട തമിഴ്നാട് സ്വദേശിയായ വിദ്യാർഥി ആന്റോയുടെ അച്ചൻ ജോസഫ് കെന്നഡിയായിരുന്നു വേദനയടക്കാനാവാതെ പൊട്ടിക്കരഞ്ഞത്. സഹപാഠികൾ മാത്രമല്ല, ഉറ്റചങ്ങാതിമാർകൂടിയായിരുന്നു കാണാതായ കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, ആന്റോ, പൂർണേഷ് എന്നിവർ. അയൽവാസികൾകൂടിയായ രാഹുൽ, പ്രണവ് എന്നിവരുൾപ്പെടെ അഞ്ചുപേരും അല്പനേരം ചെലവഴിക്കാനെത്തിയതായിരുന്നു ഇവിടെ. കുളിക്കാനിറങ്ങിയ ഭാഗത്ത് മണൽക്കുഴിയുടെയും ചെളിക്കെട്ടിന്റെയും അപകടം ഇവർക്ക് തിരിച്ചറിയാനായില്ല. സുഹൃത്ത് സഞ്ജയ് മുങ്ങിത്താഴുന്നതുകണ്ടാണ് ആന്റോയും പൂർണേഷും രക്ഷിക്കാൻ ഈ ഭാഗത്തെത്തിയത്. ഈസമയം മറ്റുള്ളവർ കുറച്ചകലെയായിരുന്നു. ഉറ്റചങ്ങാതിമാർ അപകടത്തിൽപ്പെടുന്നത് കണ്ട് നിലവിളിക്കാൻ മാത്രമേ ഇവർക്കായുള്ളൂ. അതിനോടകം മൂവരും വെള്ളത്തിൽ മുങ്ങിത്താണു. കഞ്ചിക്കോട്, പാലക്കാട് ഭാഗത്തുനിന്ന് അഗ്നിരക്ഷാജീവനക്കാരും സ്കൂബ ടീമുമെല്ലാം പറന്നെത്തി. വിശ്രമമില്ലാതെ ആ തിരച്ചിൽ തുടർന്നു രാത്രി വൈകിയും. 2018-ൽ തമിഴ്നാട് കോവൈപുതൂർ സ്വദേശികളായ അഞ്ചുപേർ ഇവിടെ മുങ്ങിമരിച്ചിരുന്നു. ഈ കാലയളവിൽമാത്രം ഒരുവർഷത്തിനുള്ളിൽ 13 പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. 2021 മാർച്ചിൽ തമിഴ്നാട് വിരുദനഗർ സ്വദേശി മുരുകനും ഡാമിൽ മുങ്ങിമരിച്ചിരുന്നു. Content Highlights:Three students from Coimbatore missing in Walayar dam
from mathrubhumi.latestnews.rssfeed https://ift.tt/3idaDOK
via
IFTTT