Breaking

Thursday, September 30, 2021

എയ്ഡഡ്, സഹകരണ സ്ഥാപനങ്ങളിലെ നിയമനം: പോലീസ് പരിശോധന നിർബന്ധം

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ, ദേവസ്വം ബോർഡുകൾ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് പോലീസ് പരിശോധന നിർബന്ധമാക്കുന്നു. ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിച്ച് ഒരുമാസത്തിനകം അവരുടെ പശ്ചാത്തലം പരിശോധിച്ചുനൽകുന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നിയമനത്തിന് അന്തിമാംഗീകാരം നൽകുക. ഇതിനായി നിയമങ്ങളിലോ ചട്ടങ്ങളിലോ സ്റ്റാറ്റ്യൂട്ടുകളിലോ ബൈലോയിലോ മൂന്നുമാസത്തിനകം സ്ഥാപനങ്ങൾ ആവശ്യമായ ഭേദഗതി വരുത്താൻ മന്ത്രിസഭ നിർദേശിച്ചു. പോലീസ് സൂപ്രണ്ടിൽനിന്ന് തേടുന്ന റിപ്പോർട്ട് പരിശോധിച്ചശേഷം കേസുകളിലും മറ്റും ഉൾപ്പെട്ടവരാണെങ്കിൽ നടപടിക്കായി സർക്കാരിന് ശുപാർശ നൽകണം. ഗുരുതരമായ കേസുകളിൽ പ്രതിയായവരെ വിചാരണ തീർന്ന് കുറ്റവിമുക്തനാകുന്നതുവരെ മാറ്റിനിർത്തും. ശിക്ഷിക്കപ്പെട്ടാൽ ജോലിപോകും. കേസുകളിൽ പ്രതിയായ വിവരം മറച്ചുവെച്ച് ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരിശോധിച്ച് നടപടിയെടുക്കും. കുറ്റകൃത്യങ്ങളിൽ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരും സ്വാധീനമുപയോഗിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതായി കണ്ടതോടെയാണ് പരിശോധന മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ജോലിചെയ്യുന്നവരിൽ ക്രിമിനൽ കേസുകളിൽ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും അക്കാര്യം മറച്ചുവെച്ചാണ് പലരും ജോലിയിൽ പ്രവേശിച്ചതെന്നുമാണ് സർക്കാർ വിലയിരുത്തൽ. ഇത്തരക്കാർ പിന്നീട് വിദ്യാർഥികളോട് മോശമായി പെരുമാറുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയായാൽ മാറ്റിനിർത്തും സർക്കാർ വകുപ്പുകൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് നിലവിൽ പോലീസ് പരിശോധന നിർബന്ധമാണ്. പ്രവേശിക്കുന്നയാൾ ക്രിമിനൽക്കേസിൽ പ്രതിയാണെങ്കിൽ ജോലിയിൽനിന്ന് മാറ്റിനിർത്താറുണ്ട്. ഇതിൽ സർക്കാർ തീരുമാനമാണ് അന്തിമം.ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ പിരിച്ചുവിടും. പി.എസ്.സി.യിൽ ജോലിക്കായി അപേക്ഷിക്കുമ്പോൾ കേസുകളുണ്ടെങ്കിൽ അക്കാര്യം വെളിപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. എയ്ഡഡ്, പൊതുമേഖല, സഹകരണമേഖല തുടങ്ങിയ ഇടങ്ങളിൽ ഇത്തരം നിബന്ധനകളൊന്നുമില്ല. പോലീസ് പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും െപ്രാബേഷൻ പൂർത്തിയാക്കി ജോലിയിൽ സ്ഥിരപ്പെടുത്തുന്നത്.സർക്കാർ വകുപ്പുകളിൽ ഒരാൾ ജോലിക്ക് ആദ്യമായി ഹാജരാകുമ്പോൾ പോലീസ് വെരിഫിക്കേഷൻ അപേക്ഷ പൂരിപ്പിച്ചുനൽകണം. ഇത് നിയമന അധികാരി ബന്ധപ്പെട്ട ജില്ലയിലെ എസ്.പി.ക്ക് കൈമാറും. അവിടെനിന്ന് പോലീസ് സ്റ്റേഷനിലേക്ക് അയക്കുകയും ഉദ്യോഗാർഥിയുടെ പശ്ചാത്തലം അവർ അന്വേഷിച്ച് എസ്.പി.ക്ക‌് മറുപടി നൽകുകയും കേസുകളോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ നിയമന അധികാരി അക്കാര്യം സർക്കാരിനെ അറിയിച്ച് തുടർനടപടികളെടുക്കുകയുമാണ് രീതി.


from mathrubhumi.latestnews.rssfeed https://ift.tt/3F5IhQA
via IFTTT