Breaking

Tuesday, September 28, 2021

ജർമനിയിൽ എസ്.പി.ഡി.ക്ക് മുന്നേറ്റം, ആർക്കും ഭൂരിപക്ഷമില്ല മെർക്കലിന്റെ പാർട്ടിക്ക് കനത്തതിരിച്ചടി

ബെർലിൻ: 16 വർഷം ചാൻസലർ പദവി അലങ്കരിച്ച ആംഗേല മെർക്കലിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ജർമൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷം നേടാൻ ആർക്കുമായില്ല. പ്രാഥമികഫലങ്ങൾ അനുസരിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമനി (എസ്.പി.ഡി.) 25.7 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തി. മെർക്കലിന്റെ പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനും (സി.ഡി.യു.) ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയനും (സി.എസ്.യു.) അടങ്ങുന്ന സഖ്യത്തിന് 24.1 ശതമാനം വോട്ടുമാത്രമേ ലഭിച്ചുള്ളൂ. സഖ്യത്തിന്റെ 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണിത്. ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മറ്റൊരു കക്ഷി ഗ്രീൻപാർട്ടിയാണ്. 14.8 ശതമാനം വോട്ട് നേടിയ ഇവർ സർക്കാർ രൂപവത്കരണത്തിൽ നിർണായക സാന്നിധ്യമാകും. ഫ്രീ ഡെമോക്രാറ്റിക് പാർട്ടി (എഫ്.ഡി.പി.) 11.5 ശതമാനം, ആൾട്ടർനേറ്റീവ് ഫോർ ജർമനി(എ.എഫ്.ഡി.) 10.3 ശതമാനം, ദി ലിങ്ക് 4.9 ശതമാനം എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ വോട്ടുനില. 730 അംഗ പാർലമെന്റിൽ സർക്കാർ രൂപവത്കരണത്തിന് 355 പേരുടെ പിന്തുണയാണ് വേണ്ടത്. ഗ്രീൻ പാർട്ടിയെയും ദി ലിങ്ക് പാർട്ടിയെയും ഉൾപ്പെടുത്തിയുള്ള ഒരു പൂർണ ഇടതുപക്ഷ സർക്കാരിനുള്ള വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിക്ക് ഗ്രീൻ പാർട്ടിയെയും എഫ്.ഡി.പി.യെയും ഉൾപ്പെടുത്തി മുന്നണി രൂപവത്കരിക്കാനാകും എസ്.പി.ഡി.യുടെ ചാൻസലർ സ്ഥാനാർഥിയായ ഒലാഫ് ഷോൽസിന്റെ ശ്രമം. അതേസമയം, മറുഭാഗത്ത് സി.ഡി.യു.വി.ന്റെ സ്ഥാനാർഥിയായ ആർമിൻ ലാഷെറ്റ്, എഫ്.ഡി.പി.യെയും ഗ്രീൻ പാർട്ടിയെയും ഉൾപ്പെടുത്തി സർക്കാർ രൂപവത്കരിക്കാനാണ് ശ്രമിക്കുന്നത്. മുന്നണി രൂപവത്കരണം എളുപ്പമാവില്ലെന്നാണ് സൂചന. കാരണം, രാജ്യത്ത് മുന്നണി രൂപവത്കരണത്തിൽ പാർട്ടികളുടെ പൊതുവായ ലക്ഷ്യം മന്ത്രിസഭയിൽ പ്രാതിനിധ്യമല്ല, മറിച്ച് തങ്ങൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കൊടുത്ത വാഗ്ദാനങ്ങൾക്ക് ഏത് മുന്നണിയാണ് പ്രധാന്യം കൊടുക്കുകയെന്നതാണ്. 16 വർഷത്തിനുശേഷം ആംഗേല മെർക്കൽ മത്സരരംഗത്തുനിന്ന് പിന്മാറിയ തിരഞ്ഞെടുപ്പു ഫലത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മെർക്കലിന്റെ സീറ്റ് പിടിച്ചെടുത്ത് 27-കാരി അന്ന കാസ്സുവാറ്റ്സകി. ബെർലിൻ:ജർമൻ ചാൻസലർ ആംഗേല മെർക്കൽ കഴിഞ്ഞ 30 വർഷമായി പ്രതിനിധീകരിച്ചിരുന്ന സീറ്റ് പിടിച്ചെടുത്ത് എസ്.പി.ഡി.യുടെ 27-കാരിയായ സ്ഥാനാർഥി അന്ന കാസ്സുവാറ്റ്സകി. ഫോർപ്പോമെൻ ഗ്രൈഫ്സ്വാൾഡ് ജില്ലയിൽനിന്ന് 24.3 ശതമാനം വോട്ടുനേടിയാണ് അന്ന ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്.പി.ഡി. സ്ഥാനാർഥി നേടിയ വോട്ടിനേക്കാൾ 12.7 ശതമാനം കൂടുതലാണിത്. മെർക്കലിന്റെ പിൻഗാമിയായി സി.ഡി.യു.വിനുവേണ്ടി മത്സരിച്ച ജോർജ് ജിന്തറിന് 20.4 ശതമാനം വോട്ടുമാത്രമേ ലഭിച്ചുള്ളൂ. ഗ്രൈഫ്സ്വാൾഡ് സർവകലാശാലയിലെ ജീവനക്കാരിയാണ് അന്ന.


from mathrubhumi.latestnews.rssfeed https://ift.tt/3F7Xn8j
via IFTTT