Breaking

Tuesday, September 28, 2021

ജെ.സി.ബി. ഡ്രൈവര്‍മാരായ കൂട്ടുകാരുടെ ബൈക്കുകള്‍ ഉരസി മറിഞ്ഞു; രണ്ടുപേര്‍ മരിച്ചു

വില്ലടം : കൂട്ടുകാരുടെ ബൈക്കുകളുടെ ഹാൻഡിലുകൾ കൂട്ടിയുരസി മറിഞ്ഞ് രണ്ടുപേർ മരിച്ചു. വില്ലടത്ത് ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കുണ്ടുകാട് പനമ്പിള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ ബാബുവിന്റെ മകൻ ദിലീപ് (25), ചേലക്കോട് വടക്കുമുറി കോട്ടയാട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ അഷ്കർ (21) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും കൂട്ടുകാരായ കരുവാൻകാട് പുതുശ്ശേരി ജേക്കബിന്റെ മകൻ ജിസ്മോൻ (24), കരുവാൻകാട് ഇടതിരുത്തി ബിജുവിന്റെ മകൻ വിജേഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ജിസ്മോൻ തൃശ്ശൂർ ദയ ആശുപത്രിയിലും വിജേഷ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അതിതീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച രാത്രി പത്തോടെ വില്ലടം പുതിയ പാലത്തിനടുത്താണ് അപകടമുണ്ടായത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. നാലുപേരും രണ്ട് ബൈക്കുകളിലായി തൃശ്ശൂരിൽനിന്ന് മടങ്ങുകയായിരുന്നു. ഹാൻഡിലുകൾ കൂട്ടിയുരസിയതിനെത്തുടർന്നാണ് അപകടമെന്ന് പോലീസ് പറഞ്ഞു. രണ്ടു ബൈക്കുകളുടെയും ഹാൻഡിലുകളിൽ ഇതിന്റെ അടയാളങ്ങളുണ്ട്. നിയന്ത്രണംവിട്ട ഒരു ബൈക്ക് അടുത്തുള്ള വീടിന്റെ മതിലിൽ ഇടിച്ച് മറിഞ്ഞു. ഈ ബൈക്കിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇടിയെത്തുടർന്ന് മതിൽ തകർന്നുവീണു. ബൈക്കിന്റെ മുൻഭാഗവും പൂർണമായും തകർന്നു. മരിച്ച രണ്ടുപേർക്കും തലയിലടക്കം ഗുരുതര പരിക്കേറ്റിരുന്നു. രണ്ടാമത്തെ ബൈക്കും യാത്രക്കാരും റോഡിന്റെ എതിർവശത്താണ് വീണുകിടന്നിരുന്നത്. അപകടസ്ഥലത്ത് ഹെൽമെറ്റ് കിടപ്പുണ്ടായിരുന്നു. എന്നാൽ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ സംശയം. അപകടത്തിൽപ്പെട്ട നാലുപേരും ജെ.സി.ബി. ഡ്രൈവർമാരാണ്. ഇവരിൽ ഒരാൾ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിൽ നഗരത്തിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ദിലീപിന്റെ അമ്മ: ദാക്ഷായണി. ഭാര്യ: സ്നേഹ. സഹോദരി: ദീപ. അഷ്കറിന്റെ മാതാവ്: റംലത്. സഹോദരങ്ങൾ: അജ്മൽ, അഫ്സൽ. ഈ റോഡ് വീതികൂട്ടി നന്നാക്കിയശേഷം അമിതവേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്. ഇതുമൂലം അടുത്തിടെയായി ചെറിയ അപകടങ്ങൾ പതിവാണ്. വിയ്യൂർ പോലീസ് കേസെടുത്തു. Content Highlights:Two men killed in bike accident


from mathrubhumi.latestnews.rssfeed https://ift.tt/3m928FX
via IFTTT