കല്ലാച്ചി: മാതാവ് കിണറ്റിലെറിഞ്ഞ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ നടുങ്ങി പേരോടും വാണിമേലും. ഞായറാഴ്ച രാത്രി വൈകിയാണ് ഈയൊരു വാർത്ത പരക്കുന്നത്. ഇതോടെ നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം ഉറക്കം നഷ്ടപ്പെട്ടു. തൂണേരി പഞ്ചായത്തിലെ പേരോടിലാണ് സംഭവം നടന്നതെങ്കിലും മരണപ്പെട്ട കുട്ടികളുടെ ഉമ്മ സുബീന മുംതാസിന്റെ വീട് വാണിമേലിനു സമീപത്തെ തൂണേരിമുക്കിലാണ്. കുട്ടികളെ താൻ കിണറ്റിൽ എറിഞ്ഞിട്ടുണ്ടെന്നും താനും കിണറ്റിൽച്ചാടി മരിക്കുകയാണെന്നും സുബീന തൂണേരിമുക്കിലെ വീട്ടിലേക്കാണ് വിളിച്ചുപറഞ്ഞത്. ബന്ധുക്കൾ ഉടൻതന്നെ വിവരം പേരോടിലെ പരിചയക്കാരെ അറിയിച്ചതോടെയാണ് കിണറിൽ സുബീനയെയും രണ്ടു മക്കളെയും കണ്ടത്. നാട് ചോദിക്കുന്നു, എന്തിനിതു ചെയ്തു... 2013-ലാണ് പേരോടിലെ റഫീഖും സുബീനയും തമ്മിലുള്ള വിവാഹം നടക്കുന്നത്. റഫീഖുമായോ റഫീഖിന്റെ വീട്ടുകാരുമായോ സുബീനയ്ക്ക് എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിവില്ല. പിന്നെ എന്താണ് ഇത്തരമൊരു കൃത്യത്തിന് സുബീനയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. സുബീനയുടെ രണ്ടാം വിവാഹമായിരുന്നു റഫീഖുമായി നടന്നത്. 2010-ലാണ് സുബീനയുടെ ആദ്യവിവാഹം നടന്നത്. ഈ വിവാഹം മൊഴിചൊല്ലുന്നതിലേക്ക് നയിച്ചത് സുബീനയുടെ ആത്മഹത്യശ്രമമായിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വൈകീട്ടോടെ സുബീനയെ നാദാപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാദാപുരം സി.ഐ. ഇ.വി. ഫായിസലി, എസ്.ഐ. ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. പോലീസ് വീട്ടിലെത്തിയും പരിശോധനനടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3F0ODAq
via
IFTTT