തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾക്കായി പോലീസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പലഭാഗത്തായി പോലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിരലിൽ എണ്ണാവുന്ന പോലീസ് സ്റ്റേഷനുകൾക്കുമാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്ന് ഇവയ്ക്കായി കെട്ടിടം നിർമിക്കും. സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകൾകൂടി ശിശുസൗഹൃദ സ്റ്റേഷനുകളായി പ്രഖ്യാപിച്ചു. ഇതോടെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി. പൂജപ്പുര, വിഴിഞ്ഞം, കോട്ടയം ഈസ്റ്റ്, കുമരകം, കുറവിലങ്ങാട്, ഗാന്ധിനഗർ, കറുകച്ചാൽ, തൃശ്ശൂർ വെസ്റ്റ്, പേരാമംഗലം, മണ്ണുത്തി, തൃശ്ശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷൻ, കൊടുങ്ങല്ലൂർ, തിരൂർ, ഉളിക്കൽ, ആറളം, കുമ്പള, വിദ്യാനഗർ, അമ്പലത്തറ, ബേഡകം, ബേക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് പുതുതായി ശിശുസൗഹൃദകേന്ദ്രങ്ങൾ തുറന്നത്. പൊന്മുടിയിലെ പോലീസ് സഹായകേന്ദ്രവും ഇരിങ്ങാലക്കുടയിലെ ജില്ലാ ഫൊറൻസിക് ലബോറട്ടറിയും മലപ്പുറം എ.ആർ. ക്യാമ്പ്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ജില്ലാ പരിശീലനകേന്ദ്രവും പ്രവർത്തനക്ഷമമായി. ചടങ്ങിൽ പോലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി.മാരായ വിജയ് എസ്. സാഖ്റെ, മനോജ് എബ്രഹാം, ഡി.ഐ.ജി. എസ്. ശ്യാംസുന്ദർ തുടങ്ങിയവർ പങ്കെടുത്തു. Content Highlights:Digital de-Addiction centre Kerala Police
from mathrubhumi.latestnews.rssfeed https://ift.tt/3ALQAyc
via
IFTTT