Breaking

Thursday, September 30, 2021

അപേക്ഷാഫോമില്‍ 'യേസ്' കുറിച്ചാല്‍ പാസ്, ഗുണന ചിഹ്നമായാല്‍ ഔട്ട്; ലൈസന്‍സിന് കൈക്കൂലി 5000 വരെ

കാഞ്ഞങ്ങാട്: അപേക്ഷാഫോമിന്റെ മൂലയിൽ യേസ് എന്ന് കുറിച്ചിട്ടുണ്ടെങ്കിൽ പാസ്. ഗുണന ചിഹ്നമാണ് വരച്ചതെങ്കിൽ ഔട്ട്. ഇത് എഴുതുന്നതും വരയ്ക്കുന്നതും ഏജന്റുമാരാണ്. പണം കിട്ടിയെന്ന് സൂചിപ്പിക്കുന്ന ചിഹ്നങ്ങളും എഴുത്തുമാണ് രേഖപ്പെടുത്തുന്നതെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിൽ ഡ്രൈവിങ് സ്കൂൾ ഏജന്റുമാർ സമ്മതിച്ചു. ഗുരുവനം ആർ.ടി.ഒ. ടെസ്റ്റിങ് ഗ്രൗണ്ടിൽ ബുധനാഴ്ച നടന്ന പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിജിലൻസിന് കിട്ടിയത്. പരീക്ഷ നടത്തിപ്പുകാരനായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മുന്നിൽ പരസ്യമായാണ് ഏജന്റുമാർ കോഴ വാങ്ങുന്നതെന്നും വിജിലൻസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഗ്രൗണ്ടിൽ അങ്ങോളമിങ്ങോളം നടന്ന് അപേക്ഷകരിൽനിന്ന് പരസ്യമായി പണം വാങ്ങുന്നത് തങ്ങൾ നേരിൽ കണ്ടുവെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏജന്റ് മുഖേന പൂരിപ്പിച്ചുനൽകുന്ന അപേക്ഷയിൽ യേസ് ചിഹ്നം കുറിക്കണമെങ്കിൽ സ്വൽപം മുതൽമുടക്കുണ്ട്. അത് ആളും തരവും ആവശ്യവും നോക്കിയാണെന്ന് മാത്രം. അത്യാവശ്യക്കാരനെങ്കിൽ 5000രൂപ വരെ നൽകണം. ഇത് പരമാവധി കുറഞ്ഞാൽ 500 നിൽക്കും. ലേണിങ് ടെസ്റ്റിന്റെ കാലാവധി തീരുന്നവർക്കായാണ് ബുധനാഴ്ച പ്രത്യേക ടെസ്റ്റ് നടന്നത്. കോവിഡ് നിയന്ത്രണം മൂലം ലേണിങ് പാസായവരുടെ കാലാവധി ആറുമാസം വരെ നീട്ടിയിരുന്നു. ഈ സമയപരിധി ഈ മാസം 30-ന് അവസാനിക്കും. നൂറുമുതൽ 300 വരെ അപേക്ഷകർ ഒരു ഡ്രൈവിങ് സ്കൂളിൽനിന്ന് മാത്രം ലേണിങ് എടുത്ത് കാത്തിരിപ്പുണ്ട്. ആളും തരവും നോക്കി പണം വിദേശയാത്രയ്ക്കും മറ്റും തയ്യാറായി നിൽക്കുന്നവരിൽനിന്ന് ഏജന്റുമാർ ആളും തരവും നോക്കിയാണ് പണം കൈപ്പറ്റിയതെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ബുധനാഴ്ച ഗുരുവനത്തെ ഗ്രൗണ്ടിൽനിന്ന് വിജിലൻസിന്റെ കൈയിലകപ്പെട്ട റമീസിനും നൗഷാദിനുമാണ് മറ്റ് ഡ്രൈവിങ് സ്കൂളുകളിൽനിന്ന് പണം പിരിച്ചെടുക്കാനുള്ള ചുമതലയെന്നും കണ്ടെത്തി. ഒരു സ്കൂളിൽനിന്ന് എത്രപേർ ഡ്രൈവിങ് പരിശീലനം നടത്തുന്നുണ്ടോ എത്രപേർ ലേണിങ് പരീക്ഷ പാസായിട്ടുണ്ടോ എന്ന കണക്ക് അതത് ഏജന്റുമാർ കൈമാറണം. ഈ സന്ദേസം വാട്സാപ്പിലാണ് നൽകുന്നത്. പിരിച്ചെടുത്ത പണം ഓരോ ഉദ്യോഗസ്ഥനും എത്രയെന്ന് കണക്കാക്കി വീതിച്ച് കെട്ടിവയ്ക്കും. വൈകീട്ട് ഇവർ വീട്ടിലേക്കു പോകുമ്പോൾ വാഹനത്തിൽ ഇട്ടുകൊടുക്കുകയോ അതിരഹസ്യമായി മറ്റു വഴിയിലൂടെ വീടുകളിൽ എത്തിച്ചുകൊടുക്കുകയോ ചെയ്യും. ഇത്തരം വിവരങ്ങളെല്ലാം നൗഷാദിന്റെയും റമീസിന്റെയും മൊഴിയിലും ഇവരുടെ കുറിപ്പിലും സെൽഫോൺ സന്ദേശത്തിലുമുണ്ടെന്ന് കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെ വിജിലൻസ് പരിശോധനയിൽ എസ്.ഐ.മാരായ കെ.എസ്.രമേശൻ, പി.വി.സതീശൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ.വി.സുരേശൻ, പി.കെ.രഞ്ജിത്ത് കുമാർ, വി.രാജീവൻ, ടി.കൃഷ്ണൻ, ഗസറ്റഡ് ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസിലെ സ്റ്റോർ സൂപ്രണ്ട് രാജീവൻ എന്നിവരും പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3ulLrL2
via IFTTT