Breaking

Monday, September 27, 2021

പോലീസിൽ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണവിഭാഗം വരുന്നു

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്ള്യു.) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയിൽ. ഓൺലൈൻ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിലാണിത്. മൂന്നുവർഷമായി പ്രത്യേകവിഭാഗമായി ഇല്ലാതിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ക്രൈംബ്രാഞ്ച് പുനഃസംഘടനയുമായി ബന്ധപ്പെട്ട് 2018 മുതലാണ് ഇല്ലാതായത്. എന്നാൽ, വിവിധതരം സാമ്പത്തികകുറ്റകൃത്യങ്ങൾ ഏറിയതോടെ, ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായിരിക്കെ സർക്കാരിന് നൽകിയ ശുപാർശ സർക്കാർ വീണ്ടും പരിഗണനയ്ക്ക് എടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് കീഴിൽ പ്രത്യേക വിഭാഗമായിട്ട് വേണമെന്നായിരുന്നു ശുപാർശ. പോലീസിന്റെ രണ്ട് സോണുകളിലെയും ഐ.ജി.മാരുടെ നേതൃത്വത്തിലാകും ഉദ്യോഗസ്ഥർ. റെയ്‌ഞ്ചുകളിൽ ഡി.ഐ.ജി.മാർക്കാകും നേതൃത്വ ചുമതല. ജില്ലകളിൽ ഡിവൈ.എസ്.പി.മാരും ഇൻസ്പെക്ടർമാരും ഉൾപ്പെട്ട സംഘമായിരിക്കും സാമ്പത്തികകുറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക യൂണിറ്റിലുണ്ടാവുക. ഇ-കൊമേഴ്‌സ് മുഖേനയുള്ള തട്ടിപ്പുകൾ, ഓൺലൈൻ തട്ടിപ്പുകൾ, ചിട്ടി തട്ടിപ്പ്, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ എന്നിവയാകും ഈ പ്രത്യേക യൂണിറ്റ് അന്വേഷിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/3oaoXeT
via IFTTT