Breaking

Sunday, September 26, 2021

അന്ന് കള്ളനെ ഭയന്നു, ഇനി കള്ളന്മാര്‍ ഭയക്കണം; അശ്വതിക്ക് പ്രിയം ഐ.പി.എസ്.

അശ്വതി മുരിക്കാശ്ശേരി (ഇടുക്കി): എട്ട് വർഷം മുൻപ് എം.ടെക് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് അശ്വതിയുടെ വീട്ടിൽ കള്ളൻ കയറുന്നത്. രാത്രി പഠിച്ചുകൊണ്ടിരുന്ന അശ്വതിയുടെ ആഭരണങ്ങൾ കവർന്നു. തടയാൻ ശ്രമിച്ചപ്പോൾ തള്ളിവീഴ്ത്തി.പ്രവേശന പരീക്ഷ എഴുതാൻ പോലുമാകാത്തവിധം അശ്വതി മാനസികമായി തളർന്നുപോയി. എന്നാൽ, അത് കഥയുടെ തുടക്കമായിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം സിവിൽ സർവീസ് പരീക്ഷയിൽ 41-ാം റാങ്ക് നേടി അശ്വതി ചിരിക്കുകയാണ്. കള്ളൻമാരിൽ നിന്നും അക്രമികളിൽനിന്നും ജനങ്ങളെ രക്ഷിക്കുന്ന ഐ.പി.എസുകാരിയാകാൻ ഒരുങ്ങുകയാണ്. മോഷ്ടാക്കൾ ഭയപ്പെടുത്തിയ ആ രാത്രിയാണ് തന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായതെന്ന് പറയുമ്പോൾ മുരിക്കാശേരി വരമ്പൻപ്ലാക്കൽ അശ്വതി ജിജിയുടെ വാക്കുകളിൽ കാരിരുമ്പിന്റെ ഉറപ്പായിരുന്നു. വഴിത്തിരിവും നിശ്ചയദാർഢ്യവും അശ്വതിയുടെ അച്ഛൻ ജിജി വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലാണ് ഏറെക്കാലം ജോലിചെയ്തത്. അതുകൊണ്ട് അശ്വതി ബാല്യം ചെലവഴിച്ചത് കേരളത്തിന് പുറത്താണ്. രാജസ്ഥാനിലെയും ചെന്നൈയിലെയും കേന്ദ്രീയവിദ്യാലയങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂൾ കാലമായപ്പോൾ കേരളത്തിലേക്ക് വന്നു. കോതമംഗലം ഊന്നുകല്ല് സ്കൂളിലെ പഠനത്തിന് ശേഷം ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനായി കാൺപൂരിലേക്ക് പോയി. മൂന്നാർ എൻജിനീയറിങ് കോളേജിലായിരുന്നു ബി.ടെക് പൂർത്തിയാക്കിയത്. എം.ടെക്കിനായി ശ്രമിച്ചുകൊണ്ടിരിക്കെ 2013-ലാണ് വീട്ടിൽ കള്ളൻ കയറുന്നത്. അത് മാനസികമായി തളർത്തി. പിന്നീട് മാസങ്ങളോളം പാതിരാത്രിയിൽ അശ്വതി പേടിച്ച് ഞെട്ടിയുണരുമായിരുന്നു. പ്രവേശനപരീക്ഷ എഴുതാൻ കഴിയാഞ്ഞതോടെ എം.ടെക് മോഹം ഉപേക്ഷിച്ചു. തുടർന്ന് അച്ഛനാണ് വിദേശത്തുപോയി പഠിക്കാൻ നിർദേശിച്ചത്. ഇതിനായി ഐ.ഇ.എൽ.ടി.എസ്. പരീക്ഷയ്ക്ക് പരിശീലനം തേടി എറണാകുളത്തെത്തി. ഇവിടെ പരിശീലകൻ തോമസ് മാമ്മനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അശ്വതി സിവിൽ സർവീസിന് തയ്യാറെടുക്കാൻ തുടങ്ങി. ചെന്നൈയിൽ പഠനം ആരംഭിച്ചു. രണ്ട് തവണ പരീക്ഷ എഴുതിയെങ്കിലും വിജയത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. നിരാശയാകാതെ കൂടുതൽ കഠിനാധ്വാനംചെയ്തു. ഇത്തവണ 41-ാം റാങ്കോടെയാണ് വിജയിച്ചത്. അശ്വതിയുടെ അച്ഛൻ ജിജിയും അമ്മ ഓമനയും ഇടുക്കിയിലെ ഉൾനാടൻ ഗ്രാമങ്ങളിലൊന്നായ മുരിക്കാശേരിയിൽനിന്ന് സിവിൽ സർവീസ് നേടുന്ന ആദ്യവ്യക്തിയാണ് അശ്വതി. ഐ.പി.എസ്. എടുക്കുവാനാണ് അശ്വതി താത്പര്യപ്പെടുന്നത്. അമ്മ: ഓമന. എം.സി.എ. വിദ്യാർഥിയായ അശ്വത്ഥും റിലയൻസിൽ ഉദ്യോഗസ്ഥനായ അശ്വിനും സഹോദരൻമാരാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3lWI9Kw
via IFTTT