Breaking

Saturday, September 25, 2021

തണുപ്പിച്ച് സൂക്ഷിക്കേണ്ട, കൊണ്ടുനടക്കാവുന്ന ഇന്‍സുലിന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

കൊൽക്കത്ത: റെഫ്രിജറേറ്ററിൽ ശീതീകരിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത ഇൻസുലിൻ വികസിപ്പിച്ച് ഒരുസംഘം ശാസ്ത്രജ്ഞർ. പ്രമേഹരോഗികൾക്ക് ഇനി ഇൻസുലിൻ ഒപ്പം കൊണ്ടുനടക്കാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം. കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി എന്നിവയിലെയും ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെയും ശാസ്ത്രജ്ഞരുടെ പരിശ്രമമാണ് ഈ വഴിത്തിരിവിനുപിന്നിൽ. ഫ്രിഡ്ജിലല്ലാതെ ആവശ്യമുള്ള സമയമത്രയും ഈ ഇൻസുലിൻ പുറത്ത് സൂക്ഷിക്കാമെന്ന് ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശുഭ്രാംശു ചാറ്റർജി പറഞ്ഞു. തത്കാലം ഇതിന് 'ഇൻസുലോക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. ആചാര്യ ജഗദീഷ്ചന്ദ്രബോസിന്റെ പേര് നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിനുള്ള അപേക്ഷ ശാസ്ത്ര-സാങ്കേതികവിദ്യാ വിഭാഗത്തിന് (ഡി.എസ്.ടി.)നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രമുഖ അന്താരാഷ്ട്ര ശാസ്ത്രമാസികയായ 'ഐ സയൻസ്' ഈ ഗവേഷണഫലത്തെ അംഗീകരിച്ചിട്ടുണ്ട്. ശുഭ്രാംശു ചാറ്റർജി, ഐ.ഐ.സി.ബി.യിലെ ശാസ്ത്രജ്ഞനായ പാർഥ ചക്രവർത്തി, ഐ.ഐ.സി.ടി.യിലെ ശാസ്ത്രജ്ഞരായ ബി. ജഗദീഷ്, ജെ. റെഡ്ഡി എന്നിവരാണ് പുതിയ ഇൻസുലിൻ വകഭേദം വികസിപ്പിച്ചെടുത്തത്. ഇൻസുലിൻ തന്മാത്രകൾക്കുള്ളിൽ നാല് അമിനോ ആസിഡ് പെപ്റ്റൈഡ് തന്മാത്രകളുടെ ഒരു ചട്ടക്കൂട് കടത്തിവിട്ടുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. ഇതോടെ തണുപ്പിക്കാതിരിക്കുമ്പോഴും ഇൻസുലിൻ തന്മാത്രകൾ ഖരരൂപമാകാതെ നിലനിർത്താൻ കഴിയുന്നു. സാധാരണഗതിയിൽ ഇൻസുലിൻ നാലുഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ, പുതിയ ഈ ഇൻസുലിന് 65 ഡിഗ്രി സെൽഷ്യസിലും പിടിച്ചുനിൽക്കാനാവുമെന്ന് ഗവേഷകർ പറഞ്ഞു. നാലു വർഷം നീണ്ട ഗവേഷണത്തിന് സാമ്പത്തികസഹായം ചെയ്തത് ഡി.എസ്.ടി.യും സി.എസ്.ഐ.ആറുമാണ്. പുതിയ ഇൻസുലിൻ വൻതോതിൽ ഉത്പാദിപ്പിക്കുകയെന്നത് ഏറെ ചെലവേറിയ പ്രക്രിയയാണെന്നും ഇതിനായി വൻകമ്പനികളുമായി സഹകരിക്കാൻ ഇരു സ്ഥാപനങ്ങളും തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ശുഭ്രാംശു ചാറ്റർജി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3o6qJxB
via IFTTT