Breaking

Wednesday, September 29, 2021

കോൺഗ്രസ് പുനഃസംഘടന നീളും; പരിഷ്‌കാരങ്ങൾക്കുമുമ്പ് വിശദചർച്ച

തിരുവനന്തപുരം: മുതിർന്ന നേതാക്കൾ പടയ്ക്കിറങ്ങിയതോടെ കെ.പി.സി.സി. പുനഃസംഘടന നീളുമെന്നുറപ്പായി. ബുധനാഴ്ച ചർച്ച പൂർത്തിയാക്കി വ്യാഴാഴ്ച കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. ഇതനുസരിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എ, ഐ ഗ്രൂപ്പുകളുടെ പട്ടിക കൈമാറിയിരുന്നു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ.പി.സി.സി. പുനഃസംഘടനാ ചർച്ചകൾക്കായാണ് എത്തിയത്. എന്നാൽ, വി.എം. സുധീരന്റെ രാജിയും മുല്ലപ്പള്ളി രാമചന്ദ്രന്റെ പൊട്ടിത്തെറിയുമൊക്കെയായി അന്തരീക്ഷം കലങ്ങിയതിനാൽ അദ്ദേഹത്തിന് കൂടുതൽ ചർച്ചകളിലേക്കു കടക്കാനായില്ല. തുടർന്ന് താരിഖ് അൻവർ ഡൽഹിക്കു മടങ്ങുകയുംചെയ്തു. ബുധനാഴ്ച വയനാട് മണ്ഡലത്തിലെ പരിപാടികളുമായി രാഹുൽ ഗാന്ധി കേരളത്തിലെത്തും. അദ്ദേഹത്തെ സംസ്ഥാന നേതൃത്വം സ്ഥിതിഗതികൾ ധരിപ്പിക്കും. താമസിയാതെ കെ. സുധാകരനും വി.ഡി. സതീശനും ഡൽഹിക്കുപോകും. കേരളത്തിൽ മുതിർന്ന നേതാക്കളെക്കൂടി ഉൾക്കൊണ്ടു പോകണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. താരിഖ് അൻവർ നൽകുന്ന റിപ്പോർട്ടിന്റെ ഉള്ളടക്കവും ഇതാണെന്നാണ് സൂചന. കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കുംമുമ്പ് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി. പ്രസിഡന്റുമാർ അടക്കമുള്ള മുതിർന്ന നേതാക്കളുമായി സംസ്ഥാനനേതൃത്വം ചർച്ചനടത്തും. പാർട്ടി പുനഃസംഘടിപ്പിക്കുക, അടിസ്ഥാന യൂണിറ്റ് കൂടുതൽ സജീവമാകുംവിധം സെമികേഡർ സംവിധാനത്തിലേക്ക് പോകുക എന്നീ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം. മുതിർന്ന നേതാക്കളുമായി വേണ്ടത്ര ആശയവിനിമയം നടന്നില്ലെന്ന വിമർശനം ഉൾക്കൊള്ളും.


from mathrubhumi.latestnews.rssfeed https://ift.tt/3zPrr4G
via IFTTT