Breaking

Monday, September 27, 2021

സംസ്ഥാന സബ്സിഡിയിലും അനർഹർ: നീല റേഷൻ കാർഡുകളും പിടിച്ചെടുക്കും

ആലപ്പുഴ: അനർഹർ കൈവശം വെച്ചിട്ടുള്ള പൊതുവിഭാഗം സബ്സിഡി റേഷൻ കാർഡുകളും (നീല) പൊതുവിതരണവകുപ്പു പിടിച്ചെടുക്കും. ആദ്യഘട്ടത്തിൽ പരാതി ലഭിച്ചവരുടെ നീലക്കാർ‍ഡുകളാണു പിടിച്ചെടുക്കുക. വീടുകളിൽ നേരിട്ടും അയൽവാസികൾക്കിടയിലും അന്വേഷണം നടത്തിയശേഷമായിരിക്കും നടപടി. അനർഹർ കൈവശം വെച്ചിരുന്ന അന്ത്യോദയ അന്നയോജന (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുകളാണ് ഇതുവരെ തിരിച്ചുപിടിച്ചിരുന്നത്. നീലക്കാർഡ്‌ കൈവശം വെച്ചവരിലും അനർഹരുണ്ടെന്നു സംസ്ഥാന ഭക്ഷ്യക്കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇവരെ ഒഴിവാക്കി പകരം വെള്ളക്കാർഡുള്ള അർഹരായവരെ ഉൾപ്പെടുത്തണമെന്നായിരുന്നു കമ്മിഷൻ ശുപാർശ. ഇതുംകൂടി പരിഗണിച്ചാണു നടപടി.അടുത്തിടെ അനർഹർ കൈവശംവെച്ച മുൻഗണനാകാർ‍ഡുകൾ സ്വമേധയാ തിരിച്ചുനൽകാൻ സർക്കാർ സമയം അനുവദിച്ചിരുന്നു. ഒന്നേകാൽ ലക്ഷത്തിലധികം കുടുംബങ്ങൾ കാർഡ് തിരിച്ചു നൽകി. ഇതിൽ നീലക്കാർഡുകളും ഉൾപ്പെട്ടിരുന്നു. ഇതിനുശേഷം മുൻഗണനാകാർഡുകൾ പിടിച്ചെടുക്കുന്ന നടപടിയാരംഭിച്ചപ്പോഴാണ് അനർഹർ കൈവശംവെച്ച നീലക്കാർഡും പിടിച്ചെടുത്തു തുടങ്ങിയത്. പല സപ്ലൈ ഓഫീസുകളിലേക്കും അനർഹമായി നീലക്കാർഡുകൈവശംവെച്ച് ആനുകൂല്യം കൈപ്പറ്റുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ അന്വേഷണം നടത്തി നീലക്കാർഡുകൾ പിടിച്ചെടുക്കുന്നത്.നാലുചക്രവാഹനമുള്ളവർ, സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ, 25,000 രൂപയ്ക്കുമുകളിൽ മാസവരുമാനമുള്ളവർ, ആയിരംചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ തുടങ്ങിയവരിൽ നിന്നാണ് ഇപ്പോൾ നീലക്കാർഡും തിരിച്ചുപിടിക്കുന്നത്. പൊതുവിഭാഗത്തിൽപ്പെട്ട വെള്ളക്കാർഡുകാർക്ക് (നോൺ പ്രയോറിറ്റി നോൺ സബ്സിഡി) ഒരുകിലോ അരി 10.90 രൂപ നിരക്കിൽ നൽകുമ്പോൾ പൊതുവിഭാഗം നീലക്കാർഡുകാർക്ക് (നോൺ പ്രയോറിറ്റി സബ്സിഡി) ഒരുകിലോ അരി നാലുരൂപയ്ക്കാണു ലഭിക്കുന്നത്.വിവിധ ക്ഷേമപദ്ധതികളിൽ അംഗങ്ങളായവർക്കാണു സംസ്ഥാന സബ്സിഡിയോടെ നീലക്കാർഡ് അനുവദിച്ചിരുന്നത്. എന്നാൽ, ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് ഇവരെ പൊതുവിഭാഗം വെള്ളക്കാർഡിലേക്കു മാറ്റിയിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/39FSpku
via IFTTT