30 വർഷംനീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ തുടങ്ങിയ ബിസിനസ് ആക്രിക്കട. മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂരിലെ വീരാൻഹാജിയെന്ന അറുപതുകാരനാണ് ആക്രിക്കട സംരംഭമാക്കി മാറ്റിയത്. കോവിഡ്കാലത്ത് ജോലി നഷ്ടമായതോടെ ആറുമാസംമുമ്പായിരുന്നു പ്രവാസം അവസാനിപ്പിച്ചുള്ള അദ്ദേഹത്തിന്റെ മടക്കം. എന്താണ് ഈ പ്രായത്തിൽ ഇങ്ങനെയൊരു ബിസിനസ് തിരഞ്ഞെടുക്കാൻ കാരണമെന്നുചോദിച്ചാൽ വീരാൻഹാജി ആക്രിക്കടയുടെ സാമ്പത്തികശാസ്ത്രം വിശദീകരിക്കും. ഒന്ന്, അധികം മുതൽമുടക്കുവേണ്ടാ. വായ്പകളൊന്നും തങ്ങളെപ്പോലുള്ള സാധാരണ പ്രവാസിക്ക് അത്ര എളുപ്പംകിട്ടില്ല. പുതിയൊരു സംരംഭം തുടങ്ങി പച്ചപിടിക്കാൻ ഏറെക്കാലം പിടിക്കുകയുംചെയ്യും. കുെറക്കാലം അതിന്റെ പിന്നാലെ നടക്കേണ്ടിവരും. ഈ പ്രായത്തിൽ അത് സാധ്യവുമല്ല. കൂടുതൽ ബാധ്യതകളൊന്നുമില്ലാത്ത ഒരു സംരംഭമെന്നനിലയിലാണ് നാട്ടുകാരനും സുഹൃത്തുമായ മുസ്തഫയ്ക്കൊപ്പം ആക്രിക്കച്ചവടത്തിനുകൂടിയത്. മുസ്തഫ ചില്ലറക്കാരനല്ല. പ്രവാസിയായ അദ്ദേഹത്തിന് ആക്രിക്കടബിസിനസിൽ 17 വർഷത്തെ അനുഭവപരിചയമുണ്ട്. 18 വർഷം അബുദാബിയിലെ കൂൾബാറിൽ ജോലിക്കാരനായിരുന്നു മുസ്തഫ. 2004-ൽ കൂൾബാർ ഉൾപ്പെടുന്ന കച്ചവടകേന്ദ്രത്തിൽ വൻ തീപ്പിടിത്തമുണ്ടായി. ഇതോടെ ജോലി നഷ്ടപ്പെട്ടു. വീട്ടിലെ അത്യാവശ്യകാര്യങ്ങളൊക്കെ ചെയ്തുതീർത്തു. കാര്യമായി ഒന്നും സമ്പാദിക്കാനായില്ല. ബിസിനസ് സ്വപ്നങ്ങളുമായി നാട്ടിലേക്ക്. മുതൽമുടക്ക് തടസ്സമായതോടെയാണ് നിക്ഷേപം ആവശ്യമില്ലാത്ത ആക്രിക്കട തുടങ്ങുന്നത്. പഴയ പ്ലാസ്റ്റിക്കും കുപ്പിയുമൊക്കെ ശേഖരിക്കാനായി കുറച്ച് നാടോടികുടുംബങ്ങളെ ഏർപ്പാടാക്കി. പ്രവാസി എന്ന് ആക്രിക്കടയ്ക്ക് പേരുംകൊടുത്തു. ഇപ്പോൾ ആദ്യസ്ഥലത്തുനിന്ന് മാറി തൃപ്പാലൂർ എന്ന സ്ഥലത്താണ് കച്ചവടം. കടത്തിലുള്ള പ്രവാസിക്ക് വായ്പ നൽകുന്നതിനപ്പുറം ഇത്തരം വ്യത്യസ്തമായ സൂക്ഷ്മസംരംഭങ്ങൾ കണ്ടെത്തി പ്രവാസികൾക്കുമുന്നിൽ അവതരിപ്പിക്കാനാകണം സർക്കാർ ശ്രമിക്കേണ്ടതെന്നാണ് മുസ്തഫയുടെയും വീരാൻഹാജിയുടെയും പക്ഷം. കടമൊഴിയാതെ വീണ്ടും അക്കരെനാടുകളിൽ ജോലിതേടിപ്പോകുന്നവരിൽ 80 ശതമാനവും ഇടത്തരം കുടുംബങ്ങളോ അതിൽത്താഴെയുള്ളവരോ ആണ്. സ്വന്തമായൊരു വീടാണ് ആദ്യസ്വപ്നം. വരുമാനം കിട്ടിത്തുടങ്ങുമ്പോഴേ വീടുനിർമാണത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങും. വായ്പയെ ആശ്രയിച്ചാകും പണി പൂർത്തിയാക്കുന്നത്. പ്രവാസം അവസാനിപ്പിക്കാതിരിക്കുന്നതും ബാധ്യതകളുടെ കെട്ടുപാടുകൾകൊണ്ടാണ്. പ്രവാസികളുടെ കടബാധ്യതയിൽ 2011-നെ അപേക്ഷിച്ച്, 46.5 ശതമാനത്തിന്റെ വർധനയുണ്ടായെന്നാണ് സി.ഡി.എസിന്റെ കണക്ക്. നിതാഖാതും കോവിഡുപോലുള്ള അപ്രതീക്ഷിത തിരിച്ചടികളും അവരുടെ പ്രവാസജീവിതത്തിന് വിരാമമിടും. അപ്പോഴും പ്രവാസകാലത്ത് എടുത്ത ബാധ്യതകൾ ബാധ്യതകളായി നിലനിൽക്കും. നാട്ടിലെത്തുമ്പോൾ കുടുംബംപോറ്റാനൊരു വരുമാനം ചോദ്യചിഹ്നമാകും. ഈടുവെക്കാൻ കൂടുതലൊന്നുമില്ലാത്തതിനാലും ഒരു കടംകൂടി വരുത്തിവെക്കാൻ തയ്യാറല്ലാത്തതുകൊണ്ടും വലിയ മുതൽമുടക്കില്ലാത്ത സംരംഭം തുടങ്ങാനാകും ആദ്യശ്രമം. പ്രവാസി തട്ടുകടകൾമുതൽ പ്രവാസി ആക്രിക്കടവരെ ഇതിന്റെ സാക്ഷ്യം. ഒരു ബാധ്യതകൂടി വയ്യ മലപ്പുറം പൊന്നാനിയിൽ ദേശീയപാതയിലൂടെ യാത്രചെയ്യുമ്പോൾ റോഡരികിൽ മാസ്കും സാനിറ്റൈസറും വിൽക്കുന്ന ഒരു മധ്യവയസ്കനെ കാണാം. പേര് സൈനുദ്ദീൻ. പ്രവാസിയായിരുന്നു. എറണാകുളത്തുനിന്നും കോഴിക്കോട്ടുനിന്നും മാസ്കും സാനിറ്റൈസറും മൊത്തമായി വാങ്ങും. പിന്നെ ദേശീയപാതയോരത്ത് വിൽക്കും. ഇടയ്ക്ക് കടകളിലും വീടുകളിലും കയറിയും കച്ചവടം. ദിവസം എല്ലാ ചെലവുംകഴിഞ്ഞ് കുടുംബംപോറ്റാനുള്ള തുക കിട്ടും. മാതാപിതാക്കളും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. സൗദിയിലായിരുന്നു സൈനുദ്ദീൻ ഏറെക്കാലം. ഡ്രൈവറായും എ.സി. മെക്കാനിക്കായുമൊക്കെ ജോലിചെയ്തു. നിതാഖാത്ത് പിടിമുറുക്കിയപ്പോൾ ജോലി പ്രതിസന്ധിയിലായി. നാലുവർഷംമുമ്പ് നാട്ടിലേക്കുമടങ്ങി. പ്രവാസിപുനരധിവാസമെന്ന മോഹനവാഗ്ദാനങ്ങൾ ഏറെ അലയടിച്ചിരുന്ന കാലം. തിരിച്ചെത്തിയ പ്രവാസികൾക്കായി സർക്കാരുകൾ പല വായ്പപ്പദ്ധതികളും പ്രഖ്യാപിച്ചുകൊണ്ടിരുന്നു. പക്ഷേ, സൈനുദ്ദീൻ വായ്പയെടുക്കാനൊന്നും നിന്നില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് സൈനുദ്ദീന് രണ്ടാണ് ഉത്തരം. ഒന്ന്്, അപേക്ഷിച്ചാൽ വായ്പകിട്ടില്ലെന്ന ഉറപ്പ്. എത്രയെത്ര നൂലാമാലകൾ കഴിയണം? എത്ര ബാങ്കുകൾ കയറിയിറങ്ങണം? അതിന് കാത്തുനിന്നാൽ കുടുംബം പട്ടിണിയാകും. നിലവിൽ ചെറിയ ചില വായ്പകൾ ബാങ്കുകളിൽനിന്നെടുത്തത് ബാധ്യതയായി തലയ്ക്കുമുകളിലുണ്ട്. ഒരുകടംകൂടി തലയിലേറ്റാൻ വയ്യ -ഇതാണ് രണ്ടാമത്തെ കാര്യം. സർക്കാർ സബ്സിഡിക്കും വായ്പയ്ക്കും കാത്തുനിൽക്കാതെ സൈനുദ്ദീൻ സ്വന്തംവഴി നോക്കി. ആദ്യം എക്സിബിഷനിൽ സ്റ്റാളുകളിട്ട് കളിപ്പാട്ടവും ചെരിപ്പും ഉൾപ്പെടെയുള്ളവയുടെ വിൽപ്പന. കോവിഡ് വന്നതോടെ എക്സിബിഷൻ നിലച്ചു; ആ തൊഴിലും. അപ്പോഴും സൈനുദ്ദീൻ സർക്കാരിനെയോ നോർക്കയെയോ സമീപിച്ചില്ല. മാസ്കും സാനിറ്റൈസറും വിറ്റ് പുതിയൊരു തൊഴിൽമേഖലയിലേക്ക്. തിരിച്ചുപോകാൻ കഴിയാത്തവർ കോവിഡ്കാലത്ത് മടങ്ങിയെത്തിയ പ്രവാസികളിൽ ഭൂരിപക്ഷത്തിനും ഇനി തിരിച്ചുപോക്ക് വളരെ പ്രയാസമായിരിക്കുമെന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം മേധാവി ഡോ. എസ്. ഷിബിനു പറയുന്നു. മടങ്ങിയെത്തിയവരെ മൂന്നായി തരംതിരിക്കാം. വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിൽമേഖലയിൽ ജോലിചെയ്തവരാണ് ഒന്നാമത്തെ വിഭാഗം. കഫറ്റേരിയ, റെസ്റ്റോറന്റ് തുടങ്ങിയിടങ്ങളിൽ ജോലിചെയ്തവർ. മാറിയ സാഹചര്യത്തിൽ അവരുടെ മടങ്ങിപ്പോക്കാകും ഏറെ ദുഷ്കരം. തിരിച്ചുവന്നവരിലേറെയും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. കൂടുതൽ 40 വയസ്സിനുമേലുള്ളവർ. ചെറുപ്പക്കാരായ, വൈദഗ്ധ്യമുള്ള തൊഴിൽചെയ്തിരുന്നവരാണ് രണ്ടാമത്തെത്. വിമാനവും മറ്റുമില്ലാത്തതിനാൽ മടങ്ങിപ്പോകാൻ കാത്തിരിക്കുന്നവരാണ് ഈ കൂട്ടത്തിലുള്ളത്. സമ്പാദ്യമുണ്ട്, ഇവിടെയെത്തി എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയാത്ത പ്രവാസികളാണ് മൂന്നാമത്തെ വിഭാഗം. ഇവരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കാനുള്ള നയമാണ് വേണ്ടത്. കാഴ്ചപ്പാട് മാറണം പുതുസംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികൾ മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹോട്ടൽ തുടങ്ങി ഒരാൾ ലാഭത്തിലായാൽ പിന്നെല്ലാവരും ആ വഴി പിന്തുടർന്ന് ഹോട്ടൽ തുടങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. ഉപയോഗപ്പെടുത്താവുന്ന മേഖലകൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. കാർഷികവിപണനരംഗത്തൊക്കെ വലിയ സാധ്യതകളുണ്ട്. കർഷകനും കമ്പോളത്തിനുമിടയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിങ് സംരംഭങ്ങളൊക്കെ നമ്മുടെ നാട്ടിൽ കുറവാണ്. അത്തരം സംരംഭങ്ങൾ സാധ്യതകളാക്കി മാറ്റാനാകണം. വലിയൊരു വിഭാഗം പ്രവാസികളും ഇത്തരംകാര്യങ്ങളിൽ അജ്ഞരാണ്. അവർക്ക് സർക്കാർ വഴികാണിച്ചുകൊടുക്കണം. ദൗർഭാഗ്യവശാൽ അത്തരമൊരു ഇടപെടൽ ഉണ്ടാകുന്നില്ല -സന്തോഷ് ജോർജ് കുളങ്ങര, സഞ്ചാരി സുന്ദരമായ സ്വപ്നം തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം, പൊതുജനങ്ങൾക്കും ആശയം നിർദേശിക്കാൻ സംവിധാനം, ആശയം നടപ്പാക്കാൻ ഹാക്കത്തോൺ, വിദഗ്ദോപദേശം നൽകാൻ യുവ ഐ.എ.എസ്. ഓഫീസർ, മേൽനോട്ടത്തിന് മുഖ്യമന്ത്രി അധ്യക്ഷനായ സ്റ്റിയറിങ് കമ്മിറ്റി....പദ്ധതിയുടെ പേര് ഡ്രീം കേരള. പേരുപോലെതന്നെ സുന്ദരമായ സ്വപ്നപദ്ധതി, പക്ഷേ എങ്ങുമെത്തിയിട്ടില്ല. 2020 ജൂലായ് മൂന്നിനാണ് സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ഡ്രീം കേരള പ്രഖ്യാപിച്ചത്. നോർക്കയുടെ വെബ്സൈറ്റിലൂെട പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാം. തൊഴിൽദാതാവിനുമുണ്ട് രജിസ്ട്രേഷൻ. പ്രവാസികളെ സഹായിക്കാനായി മികച്ച രീതിയിൽ പ്രയോജനപ്പെടുത്താവുന്ന പദ്ധതിയായിരുന്നു ഇത്. തൊഴിൽദാതാക്കളെയും തൊഴിൽ ആവശ്യമുള്ള പ്രവാസികളെയും കൃത്യമായി ഏകോപിപ്പിക്കുന്നതുൾപ്പെടെ ഒട്ടേറെ പുരോഗമന ആശയങ്ങൾ ഡ്രീം കേരളയ്ക്കുപിന്നിലുണ്ടായിരുന്നു. വ്യത്യസ്തമായ ആശയങ്ങളും സംരംഭങ്ങളും ചർച്ചചെയ്ത് നടപ്പാക്കാവുന്ന ഇടം. കോവിഡ് അടക്കമുള്ള പ്രതിബന്ധങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും പദ്ധതിക്ക് വേഗം വന്നിട്ടില്ലിപ്പോഴും. അല്ലാത്തപക്ഷം കോവിഡ് കാലത്ത് പ്രവാസികൾക്ക് തൊഴിലവസരമുൾപ്പെടെ വലിയനേട്ടമുണ്ടായേനെ. (വികസനപദ്ധതികൾക്കൊപ്പം പ്രവാസിവിഭവശേഷിയും കൈകോർത്താൽ അടിമുടി മാറും നമ്മുടെ കേരളം. സാധ്യതകളുടെ വലിയൊരു ലോകത്തിലേക്കുള്ള വാതിൽതുറക്കും. അതേക്കുറിച്ച് നാളെ)
from mathrubhumi.latestnews.rssfeed https://ift.tt/3lUG55D
via
IFTTT