Breaking

Wednesday, September 29, 2021

പറമ്പാണെന്നു ധരിച്ച് പാർക്ക് ചെയ്തു; കാറും യാത്രികരും കുളത്തിൽ മുങ്ങി

തൃപ്പൂണിത്തുറ : സ്റ്റാച്യുവിനു സമീപം നഗരസഭയുടെ പുതിയ എ.ജി. രാഘവ മേനോൻ മന്ദിരത്തോട് ചേർന്നുള്ള ആഴമേറിയ പോളക്കുളത്തിലേക്ക് രണ്ട് യാത്രികരടക്കം ഒരു കാർ വീണു. കാറിന്റെ ഡിക്കി ഭാഗം തുറക്കാൻ പറ്റിയതിനാലും ശബ്ദംകേട്ട് സമീപവാസികളടക്കം ഓടിക്കൂടിയതുകൊണ്ടും കാറിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. നഗരസഭയുടേതാണ് വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുളം. കുളത്തിനരികിൽ സംരക്ഷണ ഭിത്തിയോ, മറ്റ് സുരക്ഷാ കാര്യങ്ങളോ ഒന്നുംതന്നെയില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. കടവന്ത്ര ഓർക്കിഡ് പാരഡൈസ് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന വേണുഗോപാൽ (56), തിരുവാങ്കുളം സോണാട്ട് ബിനോയ് (54) എന്നിവരാണ് കാറിനൊപ്പം കുളത്തിൽ വീണത്. ഇരുവരും ലോക്കോ പൈലറ്റുമാരാണ്. ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. വേണുഗോപാലാണ് കാർ ഓടിച്ചിരുന്നത്. കാർ നേരെ പാർക്ക് ചെയ്യുന്നതിനിടെ കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കാറിന്റെ ഡിക്കി ഡോറിന്റെ കുറച്ചു ഭാഗം മാത്രമേ പുറമേ കാണാനുണ്ടായിരുന്നുള്ളൂ. ഈ സമയം ഇവിടെ തെരുവ് വിളക്ക് തെളിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇവിടെ മറ്റൊരു കാർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കുളമാണെന്നറിയാതെ കാർ മുന്നോട്ടെടുത്തു കുളമാണെന്നറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമെന്ന് വേണുഗോപാൽ പറഞ്ഞു. കുളത്തിൽ പുല്ല് വളർന്നു നിൽക്കുന്നുണ്ട്. കാറിലിരുന്ന് നോക്കിയപ്പോൾ പറമ്പ് പോലെയാണ് തോന്നിയതെന്നും വേണുഗോപാൽ പറഞ്ഞു. കാറിനൊപ്പം മുങ്ങിയതോടെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാഗ്യത്തിന് ഡിക്കി ഭാഗം തുറക്കാനായി. ആളുകളും ഓടിക്കൂടി. അതാണ് രക്ഷയായതെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3utkogY
via IFTTT