Breaking

Monday, September 27, 2021

ഹോട്ടലുകൾ തുറന്നു; തൊഴിലാളികൾക്ക് ക്ഷാമം

തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി ഇരുന്ന് കഴിക്കാൻ അനുമതി നൽകിയെങ്കിലും പൂർണമായും പ്രവർത്തന സജ്ജമാകാതെ ഹോട്ടലുകളും റെസ്റ്റോറന്റുകളും. തൊഴിലാളി ക്ഷാമവും കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള കാലതാമസവുമാണ് കാരണം. ഒരാഴ്ച കൂടി കഴിഞ്ഞാലേ സജീവമായി പ്രവർത്തനം തുടങ്ങുകയുള്ളൂവെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. സംസ്ഥാനത്താകെ അരലക്ഷത്തിലേറെ അംഗീകൃത ഹോട്ടലുകൾ ഉണ്ടെന്നാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷനുകളുടെ കണക്ക്. കഴിഞ്ഞ കുറച്ചുമാസങ്ങളായി വലിയൊരു ശതമാനം ഹോട്ടലുകളും പ്രവർത്തിച്ചിരുന്നില്ല. 20 ലക്ഷത്തിലധികം തൊഴിലാളികൾ ഹോട്ടൽ മേഖലയിൽ പണിയെടുക്കുന്നുണ്ട്. ഇതിൽ അഞ്ചുലക്ഷത്തോളം പേർ പശ്ചിമ ബംഗാൾ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പ്രധാനമായും ശുചീകരണ തൊഴിലാളികളാണിവർ. ഇവരിൽ പലരും നാട്ടിലേക്ക് മടങ്ങിയിരുന്നു. തദ്ദേശീയരായ തൊഴിലാളികളെ കിട്ടുന്നതിനും ബുദ്ധിമുട്ടുണ്ട്. രണ്ടു ഡോസ് വാക്സിൻ എടുത്തവരെ മാത്രമേ തൊഴിലാളികളായി നിയമിക്കാൻ പാടുള്ളൂവെന്ന് നിർദേശവുമുണ്ട്. ലോക്ഡൗൺ കാലത്ത് കേരളത്തിൽത്തന്നെ നിന്ന മറുനാടൻ തൊഴിലാളികൾക്കായി ഹോട്ടൽ അസോസിയേഷൻ വാക്സിനേഷൻ ക്യാമ്പ് നടത്തിയിരുന്നു. ഇവരെ ഉപയോഗിച്ച് തത്കാലം പ്രവർത്തിക്കാനാണ് തീരുമാനം. പാചകവാതകം, പലചരക്ക്, കോഴി എന്നിവയ്ക്കെല്ലാം വൻതോതിൽ വിലകൂടി. ഭക്ഷണത്തിന് വില കൂട്ടേണ്ട സാഹചര്യമാണെങ്കിലും അത് തത്കാലം വേണ്ടെന്നാണ് ഉടമകളുടെ തീരുമാനം. കച്ചവടം കുറവുള്ള അവസ്ഥയിൽ വില ഉയർത്തിയാൽ അത് വീണ്ടും തിരിച്ചടിയായേക്കും. ഹ്രസ്വകാല വായ്പ നൽകണംതുറന്നു പ്രവർത്തിക്കുന്നതിനായി വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരും. ഇത്രയും വലിയ തുക ഒരുമിച്ചെടുക്കാൻ ഇപ്പോൾ ആവില്ല. സർക്കാർ ഇടപെട്ട് ജാമ്യരഹിത ഹ്രസ്വകാല വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കണം. ജി. ജയപാൽ, ജനറൽ സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ്‌ അസോസിയേഷൻ


from mathrubhumi.latestnews.rssfeed https://ift.tt/3i8ZCyf
via IFTTT