Breaking

Monday, September 27, 2021

ആശുപത്രി ജീവനക്കാരെത്തിയില്ല: അരമണിക്കൂറോളം ആംബുലൻസിൽ കിടന്ന കോവിഡ് ബാധിതൻ മരിച്ചു

ചാത്തന്നൂർ (കൊല്ലം) : പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സകിട്ടാതെ ആംബുലൻസിൽ മരിച്ചു. പാരിപ്പള്ളി പള്ളിവിള ജവഹർ ജങ്ഷൻ അശ്വതിയിൽ ബാബു(68)വാണ് മരിച്ചത്. ജീവനക്കാരെ കാത്ത് േരാഗി അരമണിക്കൂറോളം ആശുപത്രിക്കുമുന്നിൽ ആംബുലൻസിൽ കിടന്നു. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. കുറച്ചുദിവസംമുൻപ് ബാബുവിനും മകൾക്കും കൊച്ചുമക്കൾക്കും കോവിഡ് ബാധിച്ചു. ശനിയാഴ്ച രാത്രി ബാബുവിന് രോഗം കലശലാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു. തുടർന്ന് വാർഡ് കൗൺസിലറെയും ആരോഗ്യപ്രവർത്തകരെയും ബന്ധപ്പെട്ടപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ നിർദേശംലഭിച്ചു. ആരോഗ്യപ്രവർത്തകർ ആംബുലൻസ് ഏർപ്പെടുത്തി വിവരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറിയിച്ചു. മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുന്നിൽ എത്തിച്ചെങ്കിലും ഓക്സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന രോഗിയെ ആശുപത്രിയിലേക്കുമാറ്റാൻ ആരുമെത്തിയില്ല. സ്ഥലത്തുണ്ടായിരുന്നവർ ബഹളംെവച്ചെങ്കിലും 15 മിനിറ്റ്‌ കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച് ജീവനക്കാരൻ വന്നത്. അപ്പോഴേക്കും ബാബു മരിച്ചു. തടിച്ചുകൂടിയവർ ആശുപത്രി ജീവനക്കാരുമായി തർക്കമായി. പാരിപ്പള്ളി പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരവൂർ പോലീസ് സ്വമേധയാ കേസെടുത്തുഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി. മകൾ ഷൈനിയോടൊപ്പം പരവൂർ നഗരസഭ നാലാം വാർഡിലാണ്‌ ബാബു താമസിച്ചിരുന്നത്‌. പരേതയായ രാധാമണിയാണ് ഭാര്യ.


from mathrubhumi.latestnews.rssfeed https://ift.tt/3ia69J3
via IFTTT