ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് ക്ലബ് വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി വിജയവഴിയിൽ മടങ്ങിയെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് വിജയിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 53ാം മിനിറ്റിൽ പാക്കോ അൽക്കാസറിന്റെ ഗോളിൽ സ്പാനിഷ് ക്ലബ് മുന്നിലെത്തി. 60ാം മിനിറ്റിൽ അലക്സ് ടെല്ലസിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച അവസാന നിമിഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിന് വിജയവും മൂന്ന് പോയിന്റും സമ്മാനിച്ചു. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യുണൈറ്റഡ് യങ് ബോയ്സിനോട് തോറ്റിരുന്നു. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുടെ മോശം കാലം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് ബെൻഫിക്കയ്ക്കെതിരായ മത്സരം നൽകുന്നത്. ആദ്യ മത്സരത്തിൽ ബയേണിനോട് തോറ്റ അവർ ഇന്ന് ബെൻഫിക്കയോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്. ഡാർവിൻ ന്യൂൻസ് ഇരട്ടഗോൾ നേടിയപ്പോൾ റാഫാ സിൽവ പട്ടിക പൂർത്തിയാക്കി. വമ്പൻമാരുടെ പോരാട്ടത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി. മറ്റൊരു മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഉക്രയിൻ ക്ലബ് ഡൈനാമോ കീവിനെ തോൽപ്പിച്ചു. ലെവൻഡോസ്കി ഇരട്ടപ്രഹരം നടത്തിയപ്പോൾ സെർജി നാർബി, ലിറോയ് സാനെ, എറിക് മോട്ടിങ് എന്നിവരും വല കുലുക്കി. Content Highlights: UEFA champions league
from mathrubhumi.latestnews.rssfeed https://ift.tt/3AUvgXF
via
IFTTT