Breaking

Thursday, September 30, 2021

പെരിന്തൽമണ്ണയിലെ തോൽവി; ഇടതുസ്ഥാനാർഥിയെ എതിർത്തിട്ടില്ലെന്ന് ശശികുമാർ

വി.ശശികുമാർ| ഫോട്ടോ:അജിത് ശങ്കരൻ, മാതൃഭൂമി മലപ്പുറം: പെരിന്തൽമണ്ണയിലെ ഇടതുസ്വതന്ത്രന്റെ തോൽവിക്കുകാരണം യു.ഡി.എഫിൽ അനൈക്യമില്ലാതിരുന്നതാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി. ശശികുമാർ. സി.പി.എം. നിർത്തിയ സ്വതന്ത്ര സ്ഥാനാർഥിയോടു തനിക്കു വൈമുഖ്യമുണ്ടായിരുന്നില്ലെന്നും ജില്ലാസെക്രട്ടറിക്കു നൽകിയ വിശദീകരണത്തിൽ അദ്ദേഹം വ്യക്തമാക്കി. സി.പി.എം. സ്വതന്ത്രസ്ഥാനാർഥി കെ.പി.എം. മുസ്തഫ പരാജയപ്പെട്ടതിൽ പാർട്ടി അന്വേഷണ കമ്മിഷൻറെ കുറ്റപ്പെടുത്തലിനു വിധേയനായ മൂന്നുപേരിലൊരാളാണ് വി. ശശികുമാർ. ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചതിനാണ് മറുപടി അയച്ചത്. പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം ഇ. ജയൻ എന്നിവരടങ്ങിയ കമ്മിഷനാണ് പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ്. 38 വോട്ടിന് തോറ്റ സാഹചര്യം അന്വേഷിച്ചത്. തിരഞ്ഞെടുപ്പുവേളയിൽ സംഘടനാരംഗത്തു മുൻകൈയെടുത്തു പ്രവർത്തിച്ചില്ലെന്നാണ് അന്വേഷണ കമ്മിഷൻ വി. ശശികുമാറിൽ ആരോപിച്ച കുറ്റം. സ്വതന്ത്ര സ്ഥാനാർത്ഥിയെ ഉൾക്കൊള്ളുന്നതിൽ നേതൃത്വത്തിലെ സഖാക്കൾക്കുണ്ടായ വൈമുഖ്യം പരിശോധിച്ച് തിരുത്തൽനടപടി വേണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. തനിക്ക് അങ്ങനെയൊരു വൈമുഖ്യം ഉണ്ടായിരുന്നില്ലെന്ന് ശശികുമാർ കത്തിൽ പറയുന്നു. പാർട്ടിയുടെ സംസ്ഥാന ശില്പശാല തിരുവനന്തപുരത്തു നടന്നപ്പോൾ ജില്ലയിൽ സ്വതന്ത്രരെ നല്ലതോതിൽ ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാർട്ടി നിശ്ചയിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ചർച്ചചെയ്ത യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്റെ വിശദീകരണം കേൾക്കാൻ സഖാക്കൾക്ക് അവസരം ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. ഇത് പ്രവർത്തകർക്കിടയിൽ തന്നെക്കുറിച്ച് തെറ്റിദ്ധാരണ നിലനിലനിൽക്കാൻ ഇടയാക്കിയെന്നതിൽ വിഷമമുണ്ടെന്നും പറയുന്നു. സ്ഥാനാർഥിയായി മണ്ഡലത്തിനുപുറത്തുള്ള ഒരു ചെറുപ്പക്കാരൻ വന്നത് യു.ഡി.എഫിൽ, വിശേഷിച്ച് മുസ്ലിംലീഗിൽ ആഭ്യന്തരകലഹം തീർത്തും ഇല്ലാതാക്കി. 'എൽ.ഡി.എഫ്. സർക്കാരിന് അനുകൂലമായ പൊതുതരംഗമുണ്ടായിട്ടും സ്വതന്ത്രൻ എന്നനിലയിൽ പുതിയ വോട്ടുകിട്ടാനുള്ള സാധ്യതയ്ക്കു യു.ഡി.എഫിലെ ഐക്യത്തോടെയുള്ള പ്രവർത്തനം പ്രയാസമുണ്ടാക്കി' എന്നും ശശികുമാർ വിശദീകരിക്കുന്നു. പെരിന്തൽമണ്ണ നിയമസഭാമണ്ഡലത്തിന്റെ ചുമതല തനിക്കുണ്ടായിരുന്നില്ല. എങ്കിലും മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. പെരിന്തൽമണ്ണയിൽ പ്രത്യേക സാഹചര്യം നിലനിൽക്കുന്നുവെന്നോ ഏതെങ്കിലും ലോക്കൽകമ്മിറ്റി അല്ലെങ്കിൽ ബൂത്തുകൾ ശ്രദ്ധിക്കണമെന്നോ മണ്ഡലം സെക്രട്ടറിയോ ഡി.സി. അംഗങ്ങളോ സെക്രട്ടേറിയറ്റ് അംഗമോ ജില്ലാ സെക്രട്ടറിയോ മുതിർന്ന നേതാക്കളോ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല. പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഗൗരവപൂർവം ഏറ്റെടുക്കുമായിരുന്നു' -ശശികുമാർ കത്തിൽ സൂചിപ്പിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ilV7QR
via IFTTT