Breaking

Wednesday, September 29, 2021

അഫ്ഗാനിസ്താൻ: പുറത്തിറങ്ങിയ കുറ്റവാളികൾ വനിതാ ജഡ്ജിമാരെ വേട്ടയാടുന്നു

കാബൂൾ: അഫ്ഗാനിസ്താൻറെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ താലിബാൻ തുറന്നുവിട്ട കുറ്റവാളികൾ തങ്ങളെ ശിക്ഷിച്ച വനിതാ ജഡ്ജിമാരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു. കുറ്റവാളികളുടെ പ്രതികാരത്തിനിരയാകുമെന്ന് ഭയന്ന് 220-ലേറെ വനിതാ ജഡ്ജിമാർ ഒളിവിലാണെന്നാണ് റിപ്പോർട്ട്. താലിബാൻ ഭരണമേറ്റതിനു പിന്നാലെ അജ്ഞാത നമ്പറുകളിൽനിന്ന് വധഭീഷണി മുഴക്കുന്ന സന്ദേശങ്ങൾ ജഡ്ജിമാരുടെ ഫോണുകളിലേക്ക് എത്തിത്തുടങ്ങി.രഹസ്യകേന്ദ്രങ്ങളിൽ കഴിയുന്ന ആറു ജഡ്ജിമാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബി.ബി.സി.യാണ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. സ്ത്രീകൾക്കെതിരേ അതിക്രമം നടത്തിയ ഒട്ടേറെപ്പേരെ ശിക്ഷിച്ചിട്ടുണ്ടെന്നും അവർ മോചിപ്പിക്കപ്പെട്ടെന്നറിഞ്ഞ ഉടനെ എല്ലാം ഇട്ടെറിഞ്ഞ് കുടുംബസമേതം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ജഡ്ജിയായിരുന്ന മസൂമ്മ (പേര് യഥാർഥമല്ല) ബി.ബി.സി.യോടു പറഞ്ഞു. 30 കൊല്ലം നീണ്ട ഔദ്യോഗികജീവിതത്തിൽ താലിബാൻ അംഗങ്ങൾ പ്രതികളായ സ്ത്രീപീഡന കേസുകളാണ് കൂടുതലും കൈകാര്യം ചെയ്തിരുന്നതെന്ന് മറ്റൊരു ജഡ്ജി വെളിപ്പെടുത്തി. ശിക്ഷ നൽകിയ 20-ഓളം കുറ്റവാളികളിൽനിന്നും ഭീഷണിവിളികൾ വന്നതോടെ 15 അംഗ കുടുംബത്തിനൊപ്പം അവർ ഒളിവിൽ പോകുകയായിരുന്നു. ഇതിനിടെ വസ്ത്രങ്ങളെടുക്കാൻ വീട്ടിലേക്കു തിരികെപോയ ബന്ധുവിനെ താലിബാനികൾ മർദിച്ചു. സ്ഥിരമായി വീടു മാറികൊണ്ടിരിക്കാൻ സഹോദരിയോട് നിർദേശിച്ചെന്നും അവർ പറഞ്ഞു.താലിബാൻ അംഗങ്ങളിൽനിന്നും ഭാര്യമാർക്ക് വിവാഹമോചനം നേടികൊടുത്തതിന് ഭീഷണി നേരിടുന്നതായി അസ്മ എന്നുപേരു നൽകിയിരിക്കുന്ന ജഡ്ജി പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ചയാകുമ്പൾ അവരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച ജഡ്ജിമാരുടെ കാര്യം മറക്കുകയാണെന്നും അവർ പറഞ്ഞു.കഴിഞ്ഞ 20 കൊല്ലത്തിനിടെ 270 സ്ത്രീകളാണ് രാജ്യത്ത് ജഡ്ജി സ്ഥാനത്തിരുന്നത്. വനിതാ ജഡ്ജിമാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട മുൻ ജഡ്ജി മാർസിയ ബാബാ കർഖായിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3ARjX2l
via IFTTT