പാപ്പിനിശ്ശേരി: രണ്ട് സ്വകാര്യ ലാബുകളിൽനിന്ന് ലഭിച്ച കോവിഡ് പരിശോധനാഫലം മണിക്കൂറുകളുടെ ഇടവേളകളിൽ വ്യത്യസ്തമായി. ഇതോടെ യുവാവിന്റെ ഗൾഫ് യാത്ര മുടങ്ങി. പാപ്പിനിശ്ശേരി കല്ലയ്ക്കലിലെ മുഹമ്മദ് ഷുഹൈലിന്റെ (33) കുടുംബത്തിനോടൊപ്പമുള്ള യാത്രയാണ് ലാബുകാരുടെ അനാസ്ഥയിൽ മുടങ്ങിയതെന്നാണ് ആക്ഷേപം. ഒരുദിവസം മുൻപ് രാവിലെ ഒരു സ്വകാര്യ ലാബിൽനിന്ന് മുഹമ്മദ് ഷുഹൈൽ അടക്കം ഒൻപതുപേരാണ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയത്. ഇതിൽ മുഹമ്മദ് ഷുഹൈലിന്റെ മാത്രം പോസിറ്റീവും മറ്റുള്ളവരുടെത് നെഗറ്റീവും ആയിരുന്നു. തുടർന്ന് ഒൻപതുപേരങ്ങെുന്ന കുടുംബത്തിന്റെ യാത്രപോലും അനിശ്ചിതത്വത്തിലായെങ്കിലും മറ്റുള്ളവർ യാത്രപോകാൻ തീരുമാനിക്കുകയും ഷുഹൈലിന്റെ ടിക്കറ്റ് റദ്ദാക്കുകയും ചെയ്തു. കോവിഡിന്റെ യാതൊരു ലക്ഷണവും കാണിക്കാത്തതിനാൽ കഴിഞ്ഞദിവസം ഷുഹൈൽ മറ്റൊരു സ്വകാര്യ ലാബിൽനിന്ന് പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു ഫലം. മണിക്കൂറുകളുടെ ഇടവേളകളിലാണ് രണ്ട് പരിശോധനാഫലങ്ങളും ലഭിച്ചത്. ഷാർജയിലെ ഒരു കമ്പനിയിൽ ജോലിയുള്ള ഷുഹൈൽ അവധി കഴിഞ്ഞ് കുടുംബസമേതം മടങ്ങിപ്പോകുന്നതിനാണ് ടിക്കറ്റ് എടുത്തത്. വിമാന ടിക്കറ്റ് റദ്ദാക്കിയതിന്റെ നഷ്ടവും കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താനാകത്തതിന്റെ വിഷമത്തിലുമാണ് ഇദ്ദേഹം.
from mathrubhumi.latestnews.rssfeed https://ift.tt/3m4fXVO
via
IFTTT