Breaking

Wednesday, September 29, 2021

പഞ്ചാബിൽ ചോദ്യശരങ്ങൾ ഹൈക്കമാൻഡിനുനേരെ

ചണ്ഡീഗഢ്‌: തിരഞ്ഞെടുപ്പിനു നാലുമാസം മാത്രം ശേഷിക്കേ പഞ്ചാബിൽ കോൺഗ്രസിനും സർക്കാരിനും പുതിയ പ്രതിച്ഛായനൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡ് ശക്തമായ അഴിച്ചുപണി നടത്തിയത്. എന്നാൽ, നവ്ജോത് സിങ് സിദ്ദു പാർട്ടി അധ്യക്ഷസ്ഥാനം അപ്രതീക്ഷിതമായി വലിച്ചെറിഞ്ഞതോടെ അതെത്രത്തോളം ലക്ഷ്യംകാണുമെന്ന ചോദ്യമാണുയരുന്നത്.ഹൈക്കമാൻഡിനെതിരേ പരസ്യമായും അല്ലാതെയും വിമർശനങ്ങളുയർന്നു തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദർസിങ്ങിന്റെ എതിർപ്പിനെ തൃണവത്‌ഗണിച്ചുകൊണ്ടാണ് സിദ്ദുവിനെ അധ്യക്ഷനാക്കിയത്. അതോടെ പഞ്ചാബിലെ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും പാമ്പും കീരിയും പോലെയായി. രണ്ടുമാസത്തിനകം അമരീന്ദറിന്റെ കസേര തെറിച്ചു. അഴിച്ചുപണിക്ക് ചുക്കാൻപിടിച്ച രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്ന് രാജിവെക്കേണ്ടിവന്നതിനു പിന്നാലെ അമരീന്ദർ തുറന്നടിച്ചു. സിദ്ദു രാജിവെച്ചതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ഹൈക്കമാൻഡിനെ ഉന്നംവെച്ചുതന്നെ. “നിങ്ങളോടു ഞാൻ നേരത്തേ പറഞ്ഞതല്ലേ, സ്ഥിരതയില്ലാത്ത ആളാണ് സിദ്ദു എന്ന്” -ഇങ്ങനെയായിരുന്നു അമരീന്ദറിന്റെ ട്വീറ്റ്.പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സിദ്ദുവിനുവേണ്ടി വാദിച്ചതെന്നാണ് റിപ്പോർട്ട്. അമരീന്ദറിന്റെ ഭാവി തീരുമാനിക്കാനായി സിദ്ദുവും രാഹുൽ ഗാന്ധിയും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്ക് വഴിയൊരുക്കിയതും പ്രിയങ്കയായിരുന്നുവത്രെ. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് സിദ്ദു രാജി പ്രഖ്യാപിച്ചത്.പുതിയ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി മന്ത്രിസഭയിൽ വരുത്തിയ മാറ്റങ്ങളിൽ സിദ്ദു അസ്വസ്ഥനായിരുന്നെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. സിദ്ദുവിനോട് ആലോചിക്കാതെയായിരുന്നത്രെ പ്രധാനനിയമനങ്ങളിൽ പലതും. വൻവിവാദമായ മതനിന്ദ കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്ക് താക്കോൽസ്ഥാനങ്ങൾ നൽകിയത് അദ്ദേഹത്തെ പ്രകോപിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. എതിരാളിയായ എസ്.എസ്. രൺധാവയ്ക്ക് ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും നൽകിയതിലും സിദ്ദുവിന് അതൃപ്തിയുണ്ടായിരുന്നു. ഇതൊക്കെയാണ് രാജിക്ക് വഴിയൊരുക്കിയ കാരണങ്ങളെന്നാണ് വിലയിരുത്തൽ. അതിനിടെ പഞ്ചാബിൽ കോൺഗ്രസിലെ ചേരിപ്പോരിൽ നേട്ടംകൊയ്യുക ആം ആദ്മി പാർട്ടിയായിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രചാരണത്തിനായി ബുധനാഴ്ച പഞ്ചാബിലെത്തുന്നുണ്ട്. സംസ്ഥാനത്ത് ഒരു ദളിത് മുഖ്യമന്ത്രി വന്നത് സഹിക്കാനാവാത്തതുകൊണ്ടാണ് സിദ്ദു രാജിവെച്ച് ഇറങ്ങിയതെന്ന് എ.എ.പി. വക്താവ് സൗരവ് ഭരദ്വാജ് കുറ്റപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/3ASzqPJ
via IFTTT