ന്യൂഡൽഹി: രോഹിണിയിലെ കോടതിമുറിയിൽ എതിർസംഘത്തിൽപ്പെട്ട ഗുണ്ടകളുടെ വെടിയേറ്റ് ജിതേന്ദർമൻ എന്ന ഗോഗി കൊല്ലപ്പെടുമ്പോൾ ഒടുങ്ങിയത് അഴിക്കുള്ളിലും പുറത്തുംനിന്ന് ഡൽഹിയെയും ഹരിയാണയെയും ഒരു ദശാബ്ദമായി മുൾമുനയിൽ നിർത്തിയ കൊടുംകുറ്റവാളി. എതിരാളിയായ തില്ലു താജ്പുരിയയുമായി ഡൽഹി സർവകലാശാലയിൽ പഠിക്കുമ്പോൾ രാഷ്ട്രീയത്തിന്റെ പേരിൽ തുടങ്ങിയ കുടിപ്പക അവസാനിപ്പിച്ചത് ഇരുപത്തഞ്ചോളം ജീവിതങ്ങളെയാണ്. നൂറോളംപേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ജയിലിലായതിനാൽ തില്ലുവിനെ കൊല്ലാൻ ഗോഗിക്കായില്ല. തില്ലുവാകട്ടെ അഴിക്കകത്തിരുന്ന് കൂട്ടാളികളെ വിട്ട് ഗോഗിയെ വകവരുത്തി. സർവകലാശാലാപഠനം പൂർത്തിയാക്കാതിരുന്ന ഗോഗി 2010-ൽ അച്ഛന്റെ മരണശേഷമാണ് കൊലപാതകത്തിലേക്കും കൊള്ളയിലേക്കും ആയുധക്കടത്തിലേക്കും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും തിരിയുന്നത്. ഡൽഹി സർവകലാശാലയിലെ തിരഞ്ഞെടുപ്പ് സമയത്ത് 2011-ൽ മൂന്നുപേരെ കൊലപ്പെടുത്തിയതോടെ അറസ്റ്റിലായി. പോലീസിനെ വെട്ടിച്ച് മൂന്നുതവണയാണിയാൾ രക്ഷപ്പെട്ടത്. ഡൽഹിയിൽ ആലിപ്പുർ കേന്ദ്രീകരിച്ചും ഹരിയാണയിലുമായി ഗുണ്ടാപ്രവർത്തനങ്ങളും അക്രമങ്ങളും നിർബാധം തുടർന്നു. ഈ സമയം തില്ലുവും ഹരിയാണയിലെ സോണിപ്പത്ത് കേന്ദ്രീകരിച്ച് സമാന്തര ഗുണ്ടാസാമ്രാജ്യം വികസിപ്പിക്കുന്നുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3CIyTQP
via
IFTTT