Breaking

Thursday, September 30, 2021

കനയ്യകുമാറിന് കേരളഘടകം നൽകിയ ഉറപ്പിൽ രാജ്യസഭാ സീറ്റും

തിരുവനന്തപുരം: കനയ്യകുമാറിനെ സി.പി.ഐ.യിൽ പിടിച്ചുനിർത്താൻ കേരള നേതാക്കൾ രാജ്യസഭാ സീറ്റുവരെ ഉറപ്പുനൽകി. കനയ്യ പാർട്ടിയിലുണ്ടാവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ശ്രമിച്ചതും കേരളത്തിലെ നേതാക്കളാണ്. കനയ്യയുടെ സാന്നിധ്യം ഇടതുപക്ഷത്തേക്ക് യുവാക്കളെ എത്തിക്കാൻ ഏറെ പ്രചോദനമായ ഘടകമാണെന്ന തിരിച്ചറിവ് തന്നെയാണ് കാരണം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുതൽ എ.ഐ.എസ്.എഫ്. മുൻ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പി. സന്തോഷ് കുമാർവരെ കേരളത്തിന്റെ ‘ദൗത്യസംഘ’ത്തിലുണ്ടായിരുന്നു. ബിഹാറിലെ പാർട്ടി നേതൃത്വവുമായുള്ള കനയ്യയുടെ കലഹമാണ് അദ്ദേഹത്തെ കോൺഗ്രസ് പാളയത്തിലെത്തിച്ചത്. ഇക്കാര്യത്തിൽ ഉചിതമായ രീതിയിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം കാനം രാജേന്ദ്രൻ ദേശീയനേതൃത്വത്തിന് മുമ്പിൽ വെച്ചതാണ്. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. കനയ്യയുമായി നേരിട്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി ഡി. രാജ സംസാരിക്കുന്നതിനു മുമ്പുതന്നെ ബിനോയ് അനുനയത്തിനായി ഇറങ്ങി. കനയ്യയുമായി വ്യക്തിബന്ധമുള്ള സന്തോഷ് കുമാർ പലവട്ടം കനയ്യയുമായി ബന്ധപ്പെട്ടു. ബിഹാറിലെ പാർട്ടി പ്രശ്നങ്ങളും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവുമാണ് കേരളനേതാക്കളോട് കനയ്യ പറഞ്ഞത്. പക്ഷേ, പാർട്ടി വിടില്ലെന്ന് ആവർത്തിച്ചു. ഇതോടെ, പാർട്ടി ഗ്രൂപ്പുകളിൽ ബിനോയ് വിശ്വംതന്നെ കനയ്യയെക്കുറിച്ചു വരുന്ന വാർത്തകൾ തള്ളി വിശദീകരണ കുറിപ്പിട്ടു. കനയ്യയ്ക്ക് രാജ്യസഭാ സീറ്റുവരെ കേരളനേതാക്കൾ പരോക്ഷമായി സൂചിപ്പിച്ചു. ഇനി ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്ന് സി.പി.ഐ.ക്കാണ്. മറ്റു സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് സീറ്റ് നൽകുന്ന രീതി ഇടതു പാർട്ടികൾക്ക് പൊതുവേ ഇല്ല. എങ്കിലും, കനയ്യയ്ക്കുവേണ്ടി അത്തരമൊരു പരീക്ഷണത്തിനു മുതിർന്നാലും തെറ്റില്ലെന്ന നിലപാട് കേരള നേതാക്കൾക്കുണ്ടായിരുന്നു. ഇടഞ്ഞുനിൽക്കുന്ന കനയ്യയെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താൻ ദേശീയനേതൃത്വം വേണ്ടരീതിയിൽ ഇടപെട്ടോ എന്ന സംശയം കേരള നേതാക്കൾക്കുണ്ട്. പക്ഷേ, പാർട്ടിയെ തള്ളി മറുകണ്ടം ചാടിയ കനയ്യയെ അതേ വീറോടെ തള്ളിപ്പറഞ്ഞതും അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ച കേരളത്തിലെ നേതാക്കളാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3B6L1uk
via IFTTT