Breaking

Sunday, September 26, 2021

ഊരാളുങ്കലിനും കോഴിക്കോട് ജില്ലാസഹകരണ ആശുപത്രിക്കും അമിത് ഷായുടെ പ്രശംസ

ന്യൂഡൽഹി: കേരളത്തിൽ ഈയിടെ പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് വിധേയമായ ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രശംസ. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ സഹകരണമേഖലയും സഹകരണ സ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് വളരെ നിർണായകമാണെന്ന് ഓർമിപ്പിക്കാനാണ് സഹകരണ മന്ത്രികൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ ഊരാളുങ്കൽ സൊസൈറ്റിയുടെ കാര്യം എടുത്തുപറഞ്ഞത്. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ കാര്യവും അദ്ദേഹം പരാമർശിച്ചു. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ശനിയാഴ്ച ചേർന്ന ദേശീയ സഹകരണ സമ്മേളനമായിരുന്നു വേദി. പാലുത്പാദന, വ്യവസായ മേഖലയിൽ അമുൽ കൈവരിച്ച നേട്ടം ഊന്നിപ്പറഞ്ഞശേഷമാണ് അമിത് ഷാ മറ്റു സംസ്ഥാനങ്ങളിലെ ഏതാനും സഹകരണ സംരംഭങ്ങളെ പ്രശംസിച്ചത്. വൻകിട കമ്പനികൾക്ക് കൈവരിക്കാനാവാത്ത ലക്ഷ്യമാണ് സഹകരണ മേഖലയിലൂടെ അമുൽ കൈവരിച്ചത്. ലിജ്ജത്ത് പപ്പടവും അതുപോലെ തന്നെ. ഇഫ്കോ (ഇന്ത്യൻ ഫാമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ്സ്), നാഫെഡ് തുടങ്ങിയവ മറ്റു പ്രമുഖ സംരംഭങ്ങളാണ്. മണിപ്പുരിലെ രേണു ഹാൻഡ്ലൂംസ് ആൻഡ് ഹാൻഡിക്രാഫ്റ്റ് കോ-ഓപ്പറേറ്റീവ്സ്, 1925-ൽ ആരംഭിച്ച കേരളത്തിലെ ഊരാളുങ്കൽ സൊസൈറ്റി, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി തുടങ്ങിയവയും ഇതുപോലെ വിജയകരമായി പ്രവർത്തിക്കുന്ന സംരംഭങ്ങളിൽ ചിലതുമാത്രമാണ്-അമിത് ഷാ ചൂണ്ടിക്കാട്ടി.


from mathrubhumi.latestnews.rssfeed https://ift.tt/2XZPLns
via IFTTT