Breaking

Tuesday, September 28, 2021

സ്‌മാർട്ട് പോലീസ് സ്‌റ്റേഷനും സാമൂഹിക മാധ്യമലാബും, വരുന്നു പോലീസിൽ വൻനവീകരണം

തിരുവനന്തപുരം: കോഴിക്കോട് സിറ്റിയിൽ സ്മാർട്ട് പോലീസ് സ്റ്റേഷനും കൊച്ചിയിൽ സാമൂഹികമാധ്യമ വിശകലനലാബും നിർമിക്കുന്നത് ഉൾപ്പെടെ സംസ്ഥാന പോലീസിൽ വൻനവീകരണ പദ്ധതികൾ നടപ്പാക്കുന്നു. 37.59 കോടിരൂപയുടെ പദ്ധതികൾക്കാണ് അംഗീകാരമായത്. മുൻകാലങ്ങളിൽ ആരംഭിച്ച പദ്ധതി പൂർത്തീകരണത്തിനും തുക അനുവദിച്ചു. രണ്ടുകോടിരൂപ ചെലവിൽ കോഴിക്കോട് സിറ്റിയിൽ സ്മാർട്ട് പോലീസ് സ്റ്റേഷൻ സംവിധാനം ഒരുക്കും. കമ്യൂണിറ്റി പോലീസിന്റെ ഭാഗമായ ഇ-ബീറ്റ് സംവിധാനം ബ്ലോക്ക് ചെയിൻ സാങ്കേതികത ഉപയോഗിച്ച് നവീകരിക്കും. 13 റെയിൽവേ സ്റ്റേഷനുകളിലും മൊബൈൽ ഇ-ബീറ്റ് സംവിധാനത്തിനുള്ള പദ്ധതി നടപ്പാക്കും. 20 പോലീസ് സ്റ്റേഷനുകളെ സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തും. അടിയന്തരസഹായ സംവിധാനം, കേസന്വേഷണം എന്നിവയ്ക്ക് നിർമിതബുദ്ധി, ബ്ലോക് ചെയിൻ സാങ്കേതികത ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കും. മാവോവാദിസാന്നിധ്യമുള്ള പ്രദേശങ്ങളിലെ പ്രവർത്തനത്തിന് അനുയോജ്യമായ വാഹനങ്ങൾ വാങ്ങും. വയനാട്ടിൽ ലോവർ സബോഡിനേറ്റ് ക്വാർട്ടേഴ്‌സും പണിയും. സൈബർ കുറ്റകൃത്യ അന്വേഷണം കാര്യക്ഷമമാക്കാൻ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കും. കേടായ ഇലക്‌ട്രോണിക് മാധ്യമങ്ങളിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കാനുള്ള സൈബർ ഫൊറൻസിക് ലാബും പദ്ധതിയിൽ ഉൾപ്പെടും. ഫൊറൻസിക് ലാബുകൾക്ക് വേണ്ട ആധുനിക ഉപകരണങ്ങൾ വാങ്ങാനും തുക അനുവദിച്ചു.1.44 കോടിരൂപ ചെലവിൽ നൂറ്ു 5.56 എം.എം. ഇൻസാസ് തോക്കുകളും 142, 7.62 എം.എം. ട്രിച്ചി അസോൾട്ട് റൈഫിളുകളും വാങ്ങും. വനിതാ സുരക്ഷയ്ക്ക് കാസർകോട് ടൗൺ, കാഞ്ഞങ്ങാട്, ബേക്കൽ എന്നിവിടങ്ങളിൽ സി.സി.ടി.വി. സംവിധാനം ഒരുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിന് കിയോസ്കുകൾ സ്ഥാപിക്കും. മെറ്റൽ ഡിറ്റക്ടറുകൾ, ബോംബ് സ്യൂട്ട് ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങളും വാങ്ങും. പോലീസ് നവീകരണത്തിനുള്ള 22.54 കോടിരൂപയുടെ കേന്ദ്രവിഹിതവും സംസ്ഥാനവിഹിതമായ 15.03 കോടി രൂപയും ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ അനുമതി നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3COSb7a
via IFTTT