Breaking

Monday, September 27, 2021

മാവോവാദിവേട്ട ശക്തമാക്കാൻ കേന്ദ്രസർക്കാർ, യോഗത്തിൽനിന്ന് പിണറായി വിട്ടുനിന്നു

ന്യൂഡൽഹി: രാജ്യത്തെ മാവോവാദിവേട്ട ശക്തമാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന ഉന്നതതലസമിതി യോഗം തീരുമാനിച്ചു. മാവോവാദികളുടെ സജീവസാന്നിധ്യമുള്ള 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന കേരളം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനുപകരം കേരളത്തിൽനിന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പങ്കെടുത്തു.മാവോവാദികൾക്ക് പണം വരുന്ന വഴികളെല്ലാം അടയ്ക്കാനും യോഗത്തിൽ തീരുമാനിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എൻ.ഐ.എ.യും സംസ്ഥാന പോലീസും ഒന്നിച്ച് ഇതിനായി പ്രവർത്തിക്കണം. മാവോവാദികളുടെ സംഘടനകൾക്കെതിരേയുള്ള നടപടികൾ ശക്തമാക്കുക, സുരക്ഷാസേനയുടെ വിടവ് നികത്തുക, കേന്ദ്ര-സംസ്ഥാന പോലീസുകളിൽ ഇതിനായുള്ള പ്രത്യക സംഘത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് മൂന്നുമണിക്കൂർനീണ്ട യോഗത്തിൽ ചർച്ചചെയ്തതെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.തീവ്രവാദികളുടെ സാമൂഹിക ഇടപെടൽ തടയാൻ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ സഹകരണമുണ്ടാക്കണം. സംസ്ഥാന ഇന്റലിജൻസും പ്രത്യക സെല്ലും വിപുലീകരിക്കണം. മാവോവാദി ഓപ്പറേഷനുകൾക്കായിമാത്രം പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കണം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ വിഭവപരിമിതി കേന്ദ്രം നികത്തും. മാവോവാദിമേഖലകളിൽ സംസ്ഥാനങ്ങൾ നിർമിക്കുന്ന റോഡുകൾ, പാലങ്ങൾ, വിദ്യാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ പുരോഗതി അമിത് ഷാ വിലയിരുത്തി. മാവോവാദിസാന്നിധ്യമുള്ള മേഖലകളിൽ വാർത്താവിനിമയ സൗകര്യം വിപുലപ്പെടുത്തണമെന്നും കൂടുതൽ മൊബൈൽ ടവറുകൾ സ്ഥാപിക്കണമെന്നും ധാരണയായി. റോഡുപണിയും വേഗത്തിലാക്കണം. മാവോവാദിസാന്നിധ്യമുള്ള ജില്ലകളിൽ ഏകലവ്യ സ്കൂളുകളും പോസ്റ്റ് ഓഫീസുകളും തുടങ്ങാനും പദ്ധതിയുണ്ട്.മാവോവാദിപ്രവർത്തനം വളരെ കുറഞ്ഞെന്നും രാജ്യത്തെ 45 ജില്ലകളിലേക്ക് ചുരുങ്ങിയെന്നുമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2019-ൽ ഇത് 61 ജില്ലകളിലായിരുന്നു. അതേസമയം, 90 ജില്ലകളിൽ ഇപ്പോഴും ഇടതുതീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ചെലവുകളുടെ വിവരങ്ങളിൽ പറയുന്നത്. 2015മുതൽ 2020വരെയുള്ള കാലത്ത് 380 സുരക്ഷാജീവനക്കാരും 1000 സാധാരണക്കാരും 900 മാവോവാദികളുമാണ് മാവോവാദികളുടെ അക്രമങ്ങളിലും ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടത്. 4200 മാവോവാദികൾ ഈ കാലയളവിൽ കീഴടങ്ങി.യോഗത്തിൽ മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഗിരിരാജ് സിങ്, അർജുൻ മുണ്ട, നിത്യാനന്ദ റായ് എന്നിവരും ഒഡിഷ, തെലങ്കാന, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ് മുഖ്യമന്ത്രിമാരും പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3m0DrLN
via IFTTT