Breaking

Thursday, September 16, 2021

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസില്‍ മാറ്റം വരും; സിലബസ് അപക്വവും അസന്തുലിതവും

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാംസെമസ്റ്റർ പാഠ്യപദ്ധതിയിലെ വിവാദമായ ചിലത് പിൻവലിക്കാനും ചിലത് കൂട്ടിച്ചേർക്കാനും ശുപാർശ. കേരള സർവകലാശാല മുൻ പ്രൊ വൈസ്ചാൻസലറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സർവകലാശാലയിലെ പൊളിറ്റിക്സ് വിഭാഗം മുൻ പ്രൊഫസർ ഡോ. കെ.എസ്.പവിത്രൻ എന്നിവർ വിദഗ്ധ അംഗങ്ങളും കണ്ണൂർ സർവകലാശാല പി.വി.സി. ഡോ. എ.സാബു കൺവീനറുമായ സമിതിയാണ് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചത്. പാഠ്യപദ്ധതി തയ്യാറാക്കിയതിൽ പാളിച്ചയുണ്ടായിട്ടുണ്ടെന്ന് സമിതി വിലയിരുത്തി. റിപ്പോർട്ട് പൊളിറ്റിക്സ് ബോഡ് ഓഫ് സ്റ്റഡീസ് പരിശോധിച്ചശേഷം, അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് എന്ന പുതിയ കോഴ്സ് ഏർപ്പെടുത്തിയപ്പോൾ പാഠ്യപദ്ധതിയിൽ ഗവേണൻസ് വിഭാഗത്തിനു പ്രാധാന്യം നൽകിയില്ലെന്ന് വിദഗ്ധസമിതി അഭിപ്രായപ്പെട്ടതായാണ് സൂചന. ഇതുകാരണം പാഠ്യപദ്ധതി അപക്വമായി. തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്സ് വിഭാഗത്തിൽ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം മറ്റ് ആശയങ്ങൾക്കും പ്രാമുഖ്യം ലഭിച്ചില്ലെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നും സമിതി വിലയിരുത്തി. പുതുതലമുറ കോഴ്സ് തുടങ്ങുമ്പോൾ ചർച്ചയിലൂടെ പാഠ്യപദ്ധതി രൂപപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യേണ്ടതായിരുന്നു. സിലബസ് പുതുക്കുമ്പോൾ ഇതിൽ ആവശ്യമായ മാറ്റം വരുത്തണം. അതേസമയം കാവിവത്കരണം എന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നാണ് സമിതിയുടെ നിരീക്ഷണം. സവർക്കറുടെയും മറ്റും തത്ത്വങ്ങൾ കേരളത്തിലെ മറ്റു സർവകലാശാലകളിൽ ദീർഘകാലമായി പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ചിന്തയിലെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലെയും ബഹുസ്വരത പ്രകടിപ്പിക്കുന്ന തലത്തിൽ പാഠ്യപദ്ധതി സന്തുലിതമാക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പി.ജി. കോഴ്സ് സംസ്ഥാനത്ത് തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമേയുള്ളു. തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റിൽ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചുള്ള ഭാഗത്ത് വി.ഡി.സവർക്കർ, ഗോൾവാൾക്കർ, ദീൻദയാൽ ഉപാധ്യായ, ബൽരാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉൾപ്പെടുത്തിയതിനാലാണ് ആക്ഷേപമുയർന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/398DFKv
via IFTTT