Breaking

Tuesday, September 28, 2021

സംഘടിത മേഖലയിൽ 29 ശതമാനം തൊഴിൽ വളർച്ചയെന്ന് കേന്ദ്ര സർവേ

ന്യൂഡൽഹി: രാജ്യത്തെ സംഘടിത തൊഴിൽമേഖല മുൻവർഷങ്ങളെ അപേക്ഷിച്ച് വളർച്ച നേടിയതായി തൊഴിൽ മന്ത്രാലയത്തിന്റെ പാദവാർഷിക റിപ്പോർട്ട്. ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവിൽ കോവിഡ് വ്യാപനത്തിനിടയിലും ഒമ്പതിൽ ഏഴുമേഖലയിലും വളർച്ച നേടാനായെന്ന് തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഉത്പാദനം, നിർമാണം, ഗതാഗതം, വിദ്യാഭ്യാസം, ഐ.ടി., ബി.പി.ഒ., ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിലാണ് വളർച്ച. വ്യാപാരം, താമസം, റെസ്റ്റോറന്റ് എന്നീ മേഖലകളിൽ തളർച്ച നേരിട്ടു. കോവിഡിനുശേഷം സമ്പദ് വ്യവസ്ഥ ഉണരുന്നതിന്റെ തെളിവാണ് കണ്ടെത്തലുകളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.2013-’14 വർഷത്തെ സാമ്പത്തിക സെൻസസ് ആധാരമാക്കി തയ്യാറാക്കിയിട്ടുള്ളതാണ് ഈ സർവേ. വീടുകൾക്കുപകരം തൊഴിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. 2013-’14ലെ റിപ്പോർട്ടനുസരിച്ച് ഒമ്പതു മേഖലകളിലായി 2.37 കോടിയായിരുന്നു തൊഴിലുകൾ. ഇത് 3.8 കോടിയായി വർധിച്ചു. 29 ശതമാനം വർധന.ഐ.ടി., ബി.പി.ഒ. മേഖലയിൽ 152 ശതമാനം വർധന രേഖപ്പെടുത്തി. ആരോഗ്യം (77), വിദ്യാഭ്യാസം (39), ഉത്‌പാദനം (22), ഗതാഗതം (68), നിർമാണം (42), ധനകാര്യ സേവനം (48) എന്നിങ്ങനെയാണ് വളർച്ച. അതേസമയം, വാണിജ്യരംഗത്തെ തൊഴിലുകളിൽ 25 ശതമാനവും താമസം-റെസ്റ്റോറന്റ് മേഖലയിൽ 13 ശതമാനവും ഇടിവുണ്ടായി.പത്തോ അതിലധികമോ പേർ തൊഴിലെടുക്കുന്ന 10,593 സ്ഥാപനങ്ങൾ തിരഞ്ഞെടുത്തായിരുന്നു സാംപിൾ സർവേ. എല്ലാ സംസ്ഥാനങ്ങളിൽനിന്നും സാംപിൾ ശേഖരിച്ചതായി സർവേയ്ക്കു നേതൃത്വം നൽകിയ സാമ്പത്തികവിദഗ്ധൻ പ്രൊഫ. എസ്.പി. മുഖർജി വ്യക്തമാക്കി. അസംഘടിത തൊഴിൽമേഖല വിലയിരുത്താനുള്ള മറ്റൊരു സർവേ ഉടൻ ആരംഭിക്കും. സ്ത്രീപങ്കാളിത്തം കുറഞ്ഞുതൊഴിൽരംഗത്തെ സ്ത്രീസാന്നിധ്യം 2013-’14ൽ 31 ശതമാനമുണ്ടായിരുന്നത് 29 ശതമാനമായി കുറഞ്ഞു. നൂറിൽ താഴെ തൊഴിലാളികളുമായാണ് 90 ശതമാനം സ്ഥാപനങ്ങളുടെയും പ്രവർത്തനം. ഐ.ടി.-ബി.പി.ഒ. സ്ഥാപനങ്ങളിൽ 35 ശതമാനവും 100 പേരുമായി പ്രവർത്തിക്കുന്നു. ആരോഗ്യരംഗത്തെ 18 ശതമാനം സ്ഥാപനങ്ങളിലാണ് നൂറിലധികം പേരുള്ളത്. ഒമ്പതു മേഖലയിലെയും സ്ഥാപനങ്ങളിൽ 88 ശതമാനവും സ്ഥിരം തൊഴിലാളികളാണ്. രണ്ടുശതമാനം ദിവസക്കൂലിക്കാർ. അതേസമയം, നിർമാണരംഗത്ത് 18 ശതമാനം കരാർ തൊഴിലാളികളും 13 ശതമാനം ദിവസക്കൂലിക്കാരുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3oiW4gN
via IFTTT