Breaking

Sunday, September 26, 2021

ചക്രക്കസേരയിലെ കശ്യപിന്റെ വർത്തമാനം ലോക ഹിറ്റ്

ചങ്ങരംകുളം: ചക്രക്കസേരയിലിരുന്ന് കശ്യപ് പറയുന്ന കഥയും കഥാപ്രസംഗവുമൊക്കെ വന്പൻ ഹിറ്റ്. അപൂർവരോഗം ചലനശേഷിയെ ബാധിച്ചപ്പോൾ സ്വന്തം യുട്യൂബ് ചാനൽ തുടങ്ങി ലോകത്തെ അദ്‌ഭുതപ്പെടുത്തുകയാണ് ഈ പന്ത്രണ്ടുകാരൻ. ഫോളോവേഴ്സാകട്ടെ 17,000 കടന്നു.ചങ്ങരംകുളം മൂക്കുതല പറവീട്ടിൽ ഷാജേഷിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മകനാണ് കശ്യപ് റാം. കഥപറച്ചിൽ, പാട്ടുപാടൽ, കഥാപ്രസംഗം, കടങ്കഥകൾ എന്നീ വിഷയങ്ങളുൾക്കൊള്ളുന്ന വീഡിയോകളാണ് ‘ലവ്, ലാഫ്, ലിവ് വിത്ത് അനി’ എന്ന ചാനലിലൂടെ ലോകത്തിനു മുന്നിലെത്തിക്കുന്നത്. പ്രതിദിനം ഒരുവീഡിയോ എന്ന കണക്കിൽ 369 വീഡിയോ ഈ മിടുക്കൻ ഇതുവരെ അപ്‌ലോഡ്ചെയ്തു.ഒമ്പതുവയസ്സുവരെ നടന്നിരുന്ന കശ്യപിന് പിന്നീട് ജീവിതം ചക്രക്കസേരയിലേക്കു പറിച്ചുനടേണ്ടിവന്നു. ഡ്യൂഷൻ മസ്‌കുലർ ഡിസ്ട്രോഫി എന്ന രോഗം പിടിമുറുക്കിയതാണ് കശ്യപിനെ തളർത്തിയത്. പേശീകോശങ്ങളെ നിലനിർത്താൻ സഹായിക്കുന്ന ഡിസ്‌ട്രോഫിൻ എന്ന പ്രോട്ടീന്റെ വ്യതിയാനംമൂലം പേശികൾക്കുണ്ടാകുന്ന അപചയവും ബലഹീനതയുമാണ് ഈ രോഗത്തിനുകാരണം. 3500 പേരിൽ ഒരാൾക്ക് വരുന്ന അപൂർവരോഗം. പിന്നീട് ഹൃദയം, അസ്ഥികൾ, ശ്വാസകോശപേശികൾ എന്നിവയുടെയെല്ലാം അപചയത്തിനു കാരണമാകും.ജനിച്ച് രണ്ടുവർഷത്തിനുശേഷം നടക്കാനും ഓടാനുമെല്ലാം ബുദ്ധിമുട്ട് കണ്ടതോടെ നടത്തിയ പരിശോധനയിലാണ് ഡ്യൂഷൻ മസ്‌കുലാർ ഡിസ്‌ട്രോഫിയാണ് മകനെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. മൂന്നാംക്ളാസുവരെ സ്‌കൂളിൽപ്പോയി പഠിച്ചതാണ്. പിന്നീട് അതുമുടങ്ങി. രോഗം അറിഞ്ഞശേഷവും ഒൻപതുവയസ്സുവരെ നടക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് കഴിയാതായി. ചക്രക്കസേരയിലായി പിന്നെ കശ്യപിന്റെ ജീവിതം. ശരീരഭാരവും അമിതമായി വർധിച്ചു. ശരീരത്തിനു തളർച്ച കൂടിക്കൂടി വന്നതോടെ ഇപ്പോൾ ഒരുദിവസം ഇടവിട്ടാണ് കശ്യപ് ചാനലിൽ പ്രത്യക്ഷപ്പെടുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രചോദനവും മാർഗദർശനവും നൽകുന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അംഗീകാരവും കശ്യപിന് ലഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3EPx9Hj
via IFTTT