Breaking

Wednesday, September 29, 2021

ബാലേട്ടൻ ‘പറക്കുന്നു’, ഹൃദയങ്ങളുമായി

കൊച്ചി: മരണമെത്തുന്ന നേരത്ത് ഒരാളുടെ ഹൃദയമെടുത്തു മറ്റൊരാളിൽ തുന്നിപ്പിടിക്കുന്നു. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അയാളിൽ ആ ഹൃദയം സ്പന്ദിച്ചുതുടങ്ങുന്നു. അപ്പോൾ ആ ഹൃദയം കൈക്കുടന്നയിലെന്ന പോലെ സൂക്ഷിച്ച് അതിവേഗം കുതിച്ചെത്തിയ മനുഷ്യന് എത്രമാത്രം സന്തോഷമുണ്ടാകും? എല്ലാവരും ബാലേട്ടനെന്നു വിളിക്കുന്ന എറണാകുളം ലിസി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ബാലചന്ദ്രൻ ജീവിതത്തിൽ ആ സന്തോഷം അനുഭവിച്ചത് ഒന്നല്ല, 25 തവണയാണ്.കേരളത്തിൽ ഏറ്റവുമധികം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട യാത്രകളിൽ സാരഥിയായ ആളാണ് ആലപ്പുഴ പുന്നമട സ്വദേശി ജി.ആർ. ബാലചന്ദ്രൻ. ആശുപത്രിയിൽ ഇതുവരെ നടന്ന 26 ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ 25-ലും ഹൃദയവുമായി ആംബുലൻസ് ഓടിച്ചത് ബാലചന്ദ്രനാണ്. “സഹപ്രവർത്തകൻ സിന്റോ എന്നയാൾക്കു ജീവൻ നൽകാൻ 2013-ലാണ് ആദ്യമായി ഹൃദയംവഹിച്ച ആംബുലൻസ് ഓടിച്ചത്. ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽനിന്നു ലിസി ആശുപത്രിയിലേക്കായിരുന്നു അത്. അന്നു വണ്ടി ഓടിക്കുമ്പോൾ സിന്റോയെ ഓർത്തു ഞാൻ ശരിക്കും കരഞ്ഞിരുന്നു”- ബാലചന്ദ്രൻ പറഞ്ഞു. ദൂരെനിന്നു വ്യോമമാർഗം എത്തിച്ച ഹൃദയങ്ങൾ ഹെലിപാഡിൽനിന്ന് ആശുപത്രിയിലേക്കെത്തിച്ച മിന്നൽ യാത്രകളിലും സാരഥി ബാലചന്ദ്രൻ തന്നെയായിരുന്നു. കോട്ടയത്തുനിന്ന് എറണാകുളത്ത് ഹൃദയമെത്തിക്കാനുള്ള ഒരു യാത്രയുണ്ടായിരുന്നു. അന്നു ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞത് ഇന്നും മറന്നിട്ടില്ല- ‘‘45 മിനിറ്റ് തരും. കോട്ടയം മെഡിക്കൽ കോളേജിൽനിന്നു ഹൃദയം ഇവിടെയെത്തിക്കണം. കൂടുതൽ തരാൻ ഒരു മിനിറ്റുപോലും എന്റെ കൈയിലില്ല.’’ തകർന്നുകിടന്ന പുതിയകാവ്-എറണാകുളം റോഡിലൂടെ അന്ന് ആംബുലൻസ് ഓടിച്ച് പറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചത് എങ്ങനെയാണെന്നറിയില്ല-ബാലചന്ദ്രൻ പറഞ്ഞു. പത്താംക്ളാസ് കഴിഞ്ഞു വർക്‌ഷോപ്പിൽ ജോലിചെയ്യുന്നതിനിടെ ഡ്രൈവിങ് പഠിച്ച ബാലചന്ദ്രൻ ആംബുലൻസ് ഡ്രൈവറായെത്തുന്നത് അവിചാരിതമായാണ്. അപകടസാധ്യത ഏറെയുണ്ടെങ്കിലും ബാലചന്ദ്രന്റെ ജോലിയെ ഭാര്യ ഐബിയും മക്കളായ അനന്തുവും അമലുവും ഏറെ ഇഷ്ടപ്പെടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3F2GZWk
via IFTTT