Breaking

Monday, September 27, 2021

സ്വന്തംചെലവില്‍ പള്ളിപ്പെരുന്നാള്‍, അരലക്ഷത്തിന്‍റെ വാടകവീട്: മോൻസന്‍റേത് തട്ടിപ്പിന്‍റെ വിചിത്രവഴി

കൊച്ചി: ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ 'ഡോക്ടർ' ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാഠവുമായിരുന്നു കൈമുതൽ. കൂടെ, ആരും കണ്ടാൽ വീണുപോകുന്ന വീടും അന്തരീക്ഷവും. കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൺ റ്റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടിൽ കൊണ്ടുവന്നിട്ടു. താൻ വലിയ 'കക്ഷി' യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്തിരിക്കുന്നത്. പുറത്തേക്ക് പോകുമ്പോൾ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേർ കൂടെ ഉണ്ടാകും. കളിത്തോക്ക് പിടിച്ചാണ് അവർ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ്ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കും. ഇതെല്ലാം അടുത്ത തട്ടിപ്പുകൾക്കുള്ള ചൂണ്ടയിടലാണെന്ന് ആരും കരുതിയില്ല. നാട്ടിൽ അടുത്തിടെ പള്ളിപ്പെരുന്നാൾ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികൾ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്. ഉന്നത വ്യക്തികളുടെ കൂടെനിന്ന് ചിത്രം എടുത്ത്, അവരുമായൊക്കെയുള്ള ബന്ധം പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി മലയാളിയാണെന്നും വിദേശങ്ങളിലടക്കം പുരാവസ്തുവിന്റെ വലിയ ബിസിനസാണെന്നും മറ്റും പറഞ്ഞാണ് ആളുകളെ പറഞ്ഞുപറ്റിച്ചിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2WhQ5x2
via IFTTT