Breaking

Tuesday, September 28, 2021

ജി.എസ്.ടി. പരിഷ്കാരം: ചില ഉത്പന്നങ്ങൾക്ക് നികുതി കൂട്ടിയേക്കും

ന്യൂഡൽഹി: ചരക്ക്-സേവന നികുതി( ജി.എസ്.ടി.) പരിഷ്കരിക്കുമ്പോൾ ചില ഉത്‌പന്നങ്ങൾക്ക് നികുതി കൂട്ടാനാണ് ആലോചന. നികുതി ഏകീകരിച്ചാൽ ചിലതിനു കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വരുമാനം എങ്ങനെ കൂട്ടാമെന്നതാവും മുഖ്യപരിഗണനാവിഷയമെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ഇരട്ട നികുതി പരമാവധി ഒഴിവാക്കുന്നതും പഠിക്കും. നികുതിചോർച്ച സംസ്ഥാനങ്ങളെ ബാധിക്കുന്നുണ്ട്. നികുതി കുറച്ചാലും ചോർച്ച ഒഴിവാക്കി വരുമാനം കൂട്ടാമെന്നായിരുന്നു ജി.എസ്.ടി. കൊണ്ടു വന്നപ്പോഴത്തെ പ്രതീക്ഷ. എന്നാൽ, ആദ്യവർഷങ്ങളിലെ വരുമാനം പോലുമില്ലെന്നതാണ് സംസ്ഥാനങ്ങളുടെ പരാതി. പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര, ബിഹാർ ഉപമുഖ്യമന്ത്രി താർകിഷോർ പ്രസാദ്, രാജസ്ഥാൻ തദ്ദേശഭരണമന്ത്രി ശാന്തികുമാർ ധാരിവാൽ, യു.പി. ധനമന്ത്രി സുരേഷ് കുമാർ ഖന്ന, ഗോവ ഗതാഗതമന്ത്രി മോവിൻ ഗോഡിനോ എന്നിവരാണ് ബസവരാജ് ബൊമ്മെ അധ്യക്ഷനും കെ.എൻ. ബാലഗോപാൽ അംഗവുമായ മന്ത്രിതല സമിതിയിലെ മറ്റ് അംഗങ്ങൾ. ജി.എസ്.ടി. വരുമാനം കൂട്ടാനായി വർഗീകരണത്തിലെ തർക്കങ്ങൾ പരിഹരിക്കാനും നികുതിഘടന ലളിതവത്കരിക്കാനും ലക്ഷ്യമിട്ട് മന്ത്രിതലസമിതി രൂപവത്കരിക്കാനായിരുന്നു കഴിഞ്ഞ ജി.എസ്.ടി. കൗൺസിലിലെ തീരുമാനം. ഏതൊക്കെ ഉത്‌പന്നങ്ങൾക്കും സേവനങ്ങൾക്കും ഇളവു നൽകണമെന്നും സമിതി പരിശോധിക്കും. നിലവിലുള്ള നികുതി പുനഃപരിശോധിക്കുകയും പരിഷ്കാരം നിർദേശിക്കുകയും ചെയ്യാം. കൂടുതൽ വിഭവസ്രോതസ്സുകളിൽനിന്ന്‌ നികുതിയീടാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളും ശുപാർശ ചെയ്യും. പ്രത്യേക നികുതി നിരക്കുകൾ, നികുതി പരിധി ലയിപ്പിക്കൽ, ലളിതമായ നികുതിഘടന, ഏകീകരണ നടപടികൾ തുടങ്ങിയവയൊക്കെ സമിതി പരിശോധിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3icFT0w
via IFTTT