Breaking

Monday, September 27, 2021

നാടിനെ ഞെട്ടിച്ച വളര്‍ച്ച, മകളുടെ വിവാഹനിശ്ചയത്തിന് പിന്നാലെ അറസ്റ്റ്; മോന്‍സണ്‍ എന്ന 'കിങ് ലയര്‍'

ചേർത്തല:കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത മോൻസൺ, ചേർത്തലയ്ക്കു പിടികൊടുക്കാതെ വളർന്ന ആളാണ്. സാധാരണ കുടുംബത്തിൽ നിന്നു മോൻസന്റെ അസാധാരണമായ വളർച്ചയ്ക്കു പിന്നിലെ വഴികൾ നാട്ടുകാർക്ക് അപരിചിതമാണ്. ആഡംബര കാറുകളിൽ അംഗരക്ഷകരുടെ അകമ്പടിയുമായി എത്തുന്ന ഇയാളുടെ നാടകീയമായ അറസ്റ്റിലും നാടിന് അമ്പരപ്പുമാത്രം. ചേർത്തല കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ മാവുങ്കൽ വീട്ടിലെ സാധാരണ കുടുംബത്തിൽനിന്നാണു തുടക്കം. വിവാഹത്തിനുശേഷം നാട്ടിൽനിന്ന് അപ്രത്യക്ഷനായ ഇയാൾ വർഷങ്ങൾക്കു ശേഷം പ്രത്യക്ഷപ്പെട്ടത് ഡോക്ടറായും കോടീശ്വരനുമായാണ്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇയാൾ ചേർത്തല സർക്കാർ പോളിടെക്നിക് കോളേജിൽനിന്ന് ഡിപ്ലോമ നേടി. രണ്ടാം വരവിൽ ചേർത്തല വടക്കേ അങ്ങാടി കവലയ്ക്കു സമീപം ഏതാനും വർഷം താമസിച്ചു. അസമയങ്ങളിൽ ഉൾപ്പെടെ ഇവിടെ ആഡംബരവാഹനങ്ങൾ വന്നു പോകുന്നതു പതിവായിരുന്നു. നാട്ടുകാർ സംശയം അറിയിച്ചതിനെ തുടർന്ന് ഇവിടെ ഒരു സമയം പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ് കവലയിൽ സൗന്ദര്യവർധക ചികിത്സാകേന്ദ്രവും നടത്തി. ഇതിനിടെ പുരാവസ്തുവ്യാപാരവും ആരംഭിച്ചു. മോൻസന്റെ അപ്രതീക്ഷിത വളർച്ചയും ആഡംബരങ്ങളും നാട്ടുകാരുടെ ഇടയിൽ സംശയം ഉയർത്തിയിരുന്നു. ഒരുവർഷം മുൻപു വാഹനത്തട്ടിപ്പിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. കാരവൻ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചതിനായിരുന്നു കേസ്. കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ട്. ശനിയാഴ്ച ചേർത്തല വല്ലയിൽ ഭാഗത്തെ വീട്ടിൽനിന്നാണ് ഇയാളെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മകളുടെ വിവാഹനിശ്ചയം വെള്ളിയാഴ്ചയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വരെ പങ്കെടുത്തതായാണു വിവരം. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ അയൽവാസികളെ പോലും ചടങ്ങിനു ക്ഷണിച്ചിരുന്നില്ല. ആരാണീ മോൻസൺ? ആരാണ് മോൻസൺ മാവുങ്കൽ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മോൻസൺ മാവുങ്കൽ ഡോട്ട് കോം എന്ന വെബ്സൈറ്റ് നൽകുന്ന മറുപടി പലതാണ്. പ്രശസ്ത കോസ്മെറ്റോളജിസ്റ്റ്, ലോക സമാധാന പ്രചാരകൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, തെലുങ്ക് സിനിമയിലെ നടൻ, പ്രഭാഷകൻ, മോട്ടിവേറ്റർ, പരോപകാരി എന്നിങ്ങനെയാണ്. ഇദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുന്നതായി പറയുന്നത് കോസ്മോസ് ഗ്രൂപ്പും, കലിംഗ കല്യാൺ ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളും. സിനിമാതാരങ്ങളെ വെല്ലുന്ന ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചാണ് മോൻസൺ തന്റെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വരും തലമുറയ്ക്കായി പ്രകൃതി സംരക്ഷിക്കേണ്ട വലിയ ഓർമപ്പെടുത്തൽ മുതൽ വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ലക്ഷ്യങ്ങൾ വരെയാണ് കമ്പനികളുടെ വെബ്സൈറ്റിൽ പറയുന്നത്. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിവിധ പദ്ധതികൾ, പാരമ്പര്യ ചികിത്സാരീതികളുടെ പ്രാധാന്യം, അവയവദാനത്തിന്റെ പ്രോത്സാഹനം, കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളുടെ വികസനം, അത്യാധുനിക രോഗനിർണയ സൗകര്യങ്ങൾ തുടങ്ങിയ വിശാലമായ കുടക്കീഴിലാണ് ഇയാൾ കാര്യങ്ങൾ നീക്കിയത്. മറ്റുള്ളവർക്ക് സംശയിക്കാൻ ഇടനൽകാത്ത തരത്തിലായിരുന്നു നീക്കങ്ങൾ മുഴുവൻ. അതിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചത് സൈബർ ഇടവും. സാമൂഹിക മാധ്യമങ്ങൾ വഴിയും വമ്പിച്ച പ്രചാരണമാണ് കമ്പനികൾക്ക് നൽകിയത്. മോൻസൺ മാവുങ്കൽ എന്ന പേരിൽ യൂട്യൂബ് ചാനലുമുണ്ട്. ഇതിൽ തന്റെതായി വാർത്തകളുടെ ദൃശ്യങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്. പ്രമുഖരായുള്ള പലരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ പുരാവസ്തു ശേഖരം തന്റെ പേരിലാണെന്ന് പറഞ്ഞ് വീഡിയോയും മോൻസൺ ഇറക്കിയിട്ടുണ്ട്. സ്പോൺസർ ചെയ്ത ചാനൽ പരിപാടികളുടെയും സ്വകാര്യ പരിപാടികളുടെയും ലിങ്കുകളും യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചിട്ടുണ്ട്. നാടകീയത കലർത്തിയുള്ള ചില സ്പോർട്സ് വീഡിയോകളും യൂട്യൂബിൽ കാണാം. മോൻസൺ എന്ന കിങ് ലയർ ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ ഡോക്ടർ ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയും അഭിനയ പാടവുമായിരുന്നു കൈമുതൽ. കൂടെ, ആരും കണ്ടാൽ വീണുപോകുന്ന വീടും അന്തരീക്ഷവും. കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൻ റ്റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരംതന്നെ ഇയാളുടെ വീട്ടിലുണ്ട്. കേടായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടിൽ കൊണ്ടുവന്നിട്ടു. താൻ വലിയ കക്ഷി യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്തിരിക്കുന്നത്. പുറത്തേക്ക് പോകുമ്പോൾ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേർ കൂടെ ഉണ്ടാകും. കളിത്തോക്ക് പിടിച്ചാണ് അവർ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ്് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കും. ഇതെല്ലാം അടുത്ത തട്ടിപ്പുകൾക്കുള്ള ചൂണ്ടയിടലാണെന്ന് ആരും കരുതിയില്ല. നാട്ടിൽ അടുത്തിടെ പള്ളിപ്പെരുന്നാൾ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികൾ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്. ഉന്നത വ്യക്തികളുടെ കൂടെനിന്ന് ചിത്രം എടുത്ത്, അവരുമായൊക്കെയുള്ള ബന്ധം പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി മലയാളിയാണെന്നും വിദേശങ്ങളിലടക്കം പുരാവസ്തുവിന്റെ വലിയ ബിസിനസാണെന്നും മറ്റും പറഞ്ഞാണ് ആളുകളെ പറ്റിച്ചിരുന്നത്. Content Highlights:Crime Branch books Monson Mavunkal for fraud worth Rs 10 cr


from mathrubhumi.latestnews.rssfeed https://ift.tt/3obtii4
via IFTTT