Breaking

Sunday, September 26, 2021

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര അനുവദിച്ചില്ല; പന്ത്രണ്ടുകാരി 18 മണിക്കൂര്‍ വിമാനത്താവളത്തില്‍

വിമാനതാവളത്തിൽ നസിഹ നസ്നീൻ നാദാപുരം: എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രപോകാൻ മാതാവിനോടൊപ്പം എത്തിയ 12 വയസ്സുകാരിയുടെ സഞ്ചാരം തടസ്സപ്പെടുത്തിയതായി പരാതി. കോവിഡ് വാക്സിൻ നൽകിയില്ലെന്ന വിചിത്ര ന്യായം പറഞ്ഞാണ് യാത്ര തടഞ്ഞത്. ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും അധികൃതർ കനിയാത്തത് മൂലം മാതാവും രണ്ട് മക്കളും മാത്രം ആദ്യം യാത്രയായി. ബന്ധുക്കളുടെയും കുട്ടിയുടെയും 18 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ രാത്രിയിൽ മറ്റൊരു വിമാനത്തിൽ പെൺകുട്ടി തനിച്ച് യാത്രയായി. പാറക്കടവ് ചെറ്റക്കണ്ടി കാണ്ണങ്കണ്ടി വീട്ടിൽ ജമാൽ വാണിമേൽ, കളത്തിൽ ഷാഹിദ ദമ്പതിമാരുടെ മകൾ നസിഹ നസ്നീനിനാണ് യാത്രയ്ക്ക് അനുമതി നൽകാതിരുന്നതിനെത്തുടർന്ന് ദുരനുഭവം നേരിട്ടത് . വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കോഴിക്കോട്ടുനിന്ന് റാസ് അൽ ഖൈമയിലേക്കുള്ള വിമാനത്തിലാണ് കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രയ്ക്കായി മാതാവും മൂന്നുകുട്ടികളും അടങ്ങിയ കുടുംബം വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ കോഴിക്കോട് വിമാനത്താളത്തിലെത്തി. കോവിഡ് പരിശോധനയും മറ്റും കഴിഞ്ഞ് ചെക്കിങ് പോയന്റിൽ എത്തിയപ്പോഴാണ് വിചിത്ര വാദവുമായി എയർ ഇന്ത്യ മുന്നോട്ടുവന്നത്. 12 വയസ്സുള്ള കുട്ടിക്ക് വാക്സിൻ ചെയ്യണമെന്ന നിയമം റാസ അൽ ഖൈമയിലുണ്ടെന്നും വാക്സിൻ സ്വീകരിക്കാത്തതിനാൽ യാത്രയ്ക്ക് വിലക്കുണ്ടെന്നും അധികൃതർ പറഞ്ഞു. ലോകത്തെവിടെയും 12 വയസ്സുള്ളവർക്ക് വാക്സിൻ നൽകിയിട്ടില്ലെന്ന കാര്യം ബന്ധുക്കൾ വിശദീകരിച്ചെങ്കിലും ഇവർ കേട്ടില്ല. അധികൃതർ നിലപാടിൽ ഉറച്ചുനിന്നതോടെ മാതാവും മക്കളായ ഷസ്ഹിയ, ജസ് ലാൻ എന്നിവരും വിമാനത്തിൽ യാത്രയായി. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളും അധികൃതരും തമ്മിൽ വാക്തർക്കമായി. റാസ് അൽ ഖൈമയിലെ നിയമം ഇങ്ങനെയാണെന്നും ഇവിടെനിന്ന് ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്നുമായിരുന്നു എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം. എന്നാൽ, എയർ ഇന്ത്യയുടെ വെബ്സൈറ്റിലോ റാസ് അൽ ഖൈമയുടെ വെബ്സൈറ്റിലോ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ ഒരു വിവരങ്ങളും കണ്ടില്ല. ഈ കാര്യം എഴുതിത്തരാൻ ആവശ്യപ്പെട്ടപ്പോൾ അതിന് എയർഇന്ത്യ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പരാതിയുമായി എയർപോർട്ട് മാനേജറുടെ അടുത്ത് പോയപ്പോൾ പ്രശ്നത്തിൽ എയർലൈനുമായി ഞങ്ങൾക്ക് ബന്ധമില്ലെന്നായിരുന്നു വിശദീകരണം. എയർലൈൻ അധികൃതരുടെ അടുത്തെത്തിയപ്പോൾ യു.എ.ഇ.യിലെ നിയമമാണെന്നും ഞങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്നും അവർ അറിയിച്ചു. മണിക്കൂറുകളോളം കോഴിക്കോട് വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന പെൺകുട്ടി മറ്റു ബന്ധുക്കൾ എത്തിയശേഷം കോഴിക്കോട് എയർ ഇന്ത്യ ഓഫീസിൽ പരാതിയുമായെത്തി. തുടർന്ന് സെയിൽസ് മാനേജരുടെ ഇടപെടലിലൂടെ മറ്റൊരു ഫ്ലൈറ്റ് ഷാർജയിലേക്ക് തരപ്പെടുത്തി കൊടുക്കുകയായിരുന്നു. ഏറെ ആശങ്കകൾക്ക് ശേഷം പെൺകുട്ടി രാത്രി ഒമ്പത് മണിയോടെ ഫ്ലൈറ്റിൽ ഒറ്റയ്ക്ക് യാത്രതിരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3ER38XC
via IFTTT