Breaking

Thursday, September 30, 2021

സൈനികസേവനങ്ങൾക്ക് വിട; മോണിക്ക ഇനി സിവിൽ സർവീസിലേക്ക്

മോണിക്ക ദേവഗുഡി കണ്ണൂർ: രണ്ടുവർഷത്തെ സൈനികഭരണകേന്ദ്രത്തിലെ സേവനങ്ങളോട് വിടപറഞ്ഞ് മോണിക്ക ദേവഗുഡി ഇനി സിവിൽ സർവീസിലേക്ക്. കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവായ മോണിക്കയ്ക്ക് ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 75-ാം റാങ്ക് കിട്ടിയെങ്കിലും ഇക്കാര്യം സഹപ്രവർത്തകർപോലും വൈകിയാണ് അറിഞ്ഞത്. വിജയത്തിന്റെ പേരിലുള്ള പ്രശസ്തിയിലൊന്നും താത്പര്യമില്ലാത്തതുകാരണമാവാം, അവർ അധികമാരോടും പറഞ്ഞതുമില്ല. ആന്ധ്രാപ്രദേശുകാരിയായ മോണിക്ക രണ്ടുവർഷമായി സൈനികരംഗത്തെ സിവിൽ ഉദ്യോഗസ്ഥയാണ്. ആദ്യം ഉത്തരാഖണ്ഡിലെ കന്റോൺമെന്റിൽ സി.ഇ.ഒ. ആയിരുന്നു. ഒരുവർഷം മുൻപാണ് കണ്ണൂരിലെത്തിയത്. സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ മധുസൂദൻ റെഡ്ഡിയുടെയും സ്വകാര്യ സ്കൂൾ അധ്യാപിക ഹേമലതയുടെയും രണ്ടാമത്തെ മകളായ മോണിക്ക അവിവാഹിതയാണ്. കാൺപുർ ഐ.ഐ.ടി.യിൽനിന്ന് എൻജിനീയറിങ് ബിരുദം. തുടർന്ന് അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് 'പബ്ലിക് പോളിസി'യിൽ മാസ്റ്റർ ബിരുദവും നേടി. നേരത്തെയെഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ 464-ാം റാങ്ക് കിട്ടി. തുടർന്നാണ് ഐ.ഡി.ഇ.എസിൽ (ഇന്ത്യൻ ഡിഫെൻസ് എസ്റ്റേറ്റ്സ് സർവീസ്) നിയമനം കിട്ടിയത്. മനശ്ശാസ്ത്രത്തിൽ ബിരുദമുള്ള മോണിക്കയ്ക്ക്, തൊഴിലിന്റെ ഭാഗമായുള്ള മാനസികസംഘർഷം കുറയ്ക്കുന്നതിനെക്കുറിച്ചും പറയാനുണ്ട്. യോഗപോലുള്ള വ്യായാമമുറകൾ മാനസികാരോഗ്യത്തിന് ഫലപ്രദമാണെന്നാണ് അഭിപ്രായം. കണ്ണൂർ ഇഷ്ടപ്പെട്ടെന്നും ഇവിടത്തെ പ്രകൃതിസൗന്ദര്യം കണ്ടുമതിയായില്ലെന്നും ഇവർ പറഞ്ഞു. ബീച്ചുകളും പാലക്കയംതട്ടും പൈതൽമലയും ഒക്കെ കണ്ടു. ഇവിടത്തെ കടലോരവും മലയോരവും ഒരുപോലെ മനോഹരമാണ്. അച്ഛനെയും അമ്മയെയും ഒരുതവണ കണ്ണൂരിൽ കൊണ്ടുവന്നിരുന്നു-മോണിക്ക പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3im4TCG
via IFTTT