Breaking

Sunday, September 26, 2021

സ്മാർട്ടാണ്, പക്ഷേ വില്ലേജ് ഓഫീസിലെത്തിയാൽ നിങ്ങൾ ക്യൂവിലാണ്

തൃശ്ശൂർ : ഭൂനികുതി അടച്ച് അതിന്റെ പ്രിന്റ് കിട്ടണമെങ്കിൽ പല വില്ലേജ് ഓഫീസുകളിലും കാത്തിരിക്കേണ്ടിവരുന്നത് അരമണിക്കൂറിലധികം. അത്രയും സമയമെടുത്ത് ഒരാളെ പറഞ്ഞുവിടുമ്പോഴേക്കും ക്യൂ വളരെയധികം നീണ്ടിട്ടുണ്ടാകും. സ്മാർട്ടാണ് എന്നുപറയുമ്പോഴും കേരളത്തിലെ മിക്ക വില്ലേജ് ഓഫീസുകളിലെയും സ്ഥിതിയാണിത്. നികുതിയടയ്ക്കുന്നതും പോക്കുവരവ് ചെയ്യുന്നതുമായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ള റെലിസ് സൈറ്റിന്റെ നെറ്റ്വർക്ക് തകരാറാണ് ഇതിന് കാരണം. നെറ്റ്വർക്കിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. പ്ലസ്ടു അലോട്ട്മെന്റിന്റെ ഭാഗമായ തിരക്കുമൂലമാണ് വൈകൽ ഉണ്ടാകുന്നതെന്നാണ് അവർ പറയുന്നത്. എന്നാൽ പ്ലസ്ടു അലോട്ട്മെന്റ് കഴിഞ്ഞതിനുശേഷവും പലയിടത്തും സൈറ്റ് കിട്ടുന്നില്ല. ഭൂനികുതിക്കുമാത്രമല്ല വരുമാനസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സർട്ടിഫിക്കറ്റുകൾക്കായി നിരവധി പേരാണ് വില്ലേജ് ഓഫീസുകളിൽ എത്തുന്നത്. ഉച്ചവരെയാണ് സൈറ്റിന്റെ വേഗം വല്ലാതെ കുറയുന്നത്. നികുതി അടയ്ക്കാനും സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കും കൂടുതൽ ആളുകൾ എത്തുന്നതും ഈ സമയത്താണ്. ഒരാഴ്ചയായി ഇതുതന്നെയാണ് സ്ഥിതി. ശനിയാഴ്ചയും പല വില്ലേജ് ഓഫീസുകളിലും ക്യു ഇഴഞ്ഞാണ് നീങ്ങിയത്. റെലിസ് സൈറ്റിൽ ലോഡിങ് എന്നെഴുതിക്കാണിച്ച് കറങ്ങിനിൽക്കുകയായിരുന്നു. പലയിടത്തും വേഗം കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നത്. വൈദ്യുതി പോയാൽ തിരിച്ചുപോകണം ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും ഇൻവെർട്ടർ സംവിധാനമില്ല. വൈദ്യുതി മുടങ്ങിയാൽ കാത്തിരിക്കുന്നവരെ മടക്കി അയയ്ക്കുക മാത്രമാണ് വഴി. നികുതിസംവിധാനം ഓൺലൈനാക്കിയതിനാൽ വില്ലേജ് ഓഫീസുകൾക്ക് രശീതി പുസ്തകങ്ങൾ ഇപ്പോൾ അനുവദിക്കുന്നില്ല. അത്യാവശ്യഘട്ടങ്ങളിൽപോലും രശീതിയെഴുതി നികുതി സ്വീകരിക്കാനാവുന്നില്ല. നെറ്റ്വർക്കിലെ വേഗക്കുറവിനൊപ്പം സർവറിന്റെ ശേഷിക്കുറവും സോഫ്റ്റ്വേർ അറ്റകുറ്റപ്പണികളും പുതിയ ഫീച്ചറുകൾ (മൊഡ്യൂളുകൾ) കൂട്ടിച്ചേർക്കുന്നതുമൊക്കെയാണ് പ്രശ്നത്തിന് കാരണം. കാലാവധി കഴിഞ്ഞ ഉപകരണങ്ങളാണ് ഇതിലൊന്ന്. ഏഴുവർഷം പിന്നിട്ട കംപ്യൂട്ടർ, ലാപ്ടോപ്പ്, പ്രിന്റർ സംവിധാനങ്ങളാണ് വില്ലേജ് ഓഫീസുകളിലുള്ളത്. പലതും പ്രവർത്തനരഹിതമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3ukLZ3S
via IFTTT