Breaking

Monday, September 27, 2021

സെർവർ പണിമുടക്കി; രണ്ടുലക്ഷത്തിൽപരം പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ അപ്രത്യക്ഷമായി

തൃശ്ശൂർ: കോവിഡ്കാലത്ത് സമർപ്പിച്ച പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ മോട്ടോർ വാഹനവകുപ്പിന്റെ സെർവർ പണിമുടക്കിയതിനെത്തുടർന്ന് അപ്രത്യക്ഷമായി. 2020 ഡിസംബർ മുതൽ 2021 ജൂലായ് 21 വരെയുള്ള അപേക്ഷകളാണ് നഷ്ടമായത്. ലേണിങ് ലൈസൻസ് നേടിയശേഷം ഡ്രൈവിങ് പഠിച്ച് കഴിവ് തെളിയിക്കുന്നതിനായി സ്ലോട്ടുകൾ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളാണ് സെർവർ പ്രശ്‌നത്താൽ‍ രേഖകൾ സഹിതം നഷ്ടമായത്. ഇതിന് മോട്ടോർ വാഹനവകുപ്പ് പരിഹാരം കാണാത്തതിനാൽ രണ്ടുലക്ഷത്തിലധികംപേരുടെ ഡ്രൈവിങ് ലൈസൻസ് മോഹം അനന്തമായി നീളുകയാണ്.കോവിഡ്കാലത്ത് വീട്ടിലിരുന്ന യുവാക്കളിൽ നല്ലൊരു ശതമാനമാളുകൾ ഡ്രൈവിങ് പഠിച്ചു. അതിനാൽ അപേക്ഷകർ കൂടുതലായിരുന്നു. ലൈസൻസിനായുള്ള അപേക്ഷകർ ഏറ്റവും കൂടുതലായ കാലത്താണ് ‍സെർവർപ്രശ്നത്താൽ ഇൗ വിവരങ്ങളെല്ലാം അപ്രത്യക്ഷമായത്‌.2021 ജൂലായ് 21-നുശഷം ഡ്രൈവിങ് ക്ഷമതാപരിശോധനയ്ക്ക് അപേക്ഷ നൽകിയവർക്കാകട്ടെ ഇപ്പോൾ പരിശോധനയ്ക്കായുള്ള സ്ലോട്ടുകൾ കിട്ടുന്നുമുണ്ട്. ഡിസംബർ വരെയുള്ള സ്ലോട്ടുകൾ ഇതിനകം നൽകിക്കഴിഞ്ഞു. എന്നാൽ, 2020 ഡിസംബർ മുതൽ 2021 ജൂലായ് 21 വരെയുള്ള അപേക്ഷകർക്ക് സ്ലോട്ടുകൾ ഇനിയും കിട്ടിയിട്ടില്ല. സെപ്റ്റംബർ 30-നുശേഷം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പ് പഴയ അപേക്ഷകർക്ക് നൽകുന്ന നിർദേശം. ഒാരോ ശനിയാഴ്‌ചയും ഡ്രൈവിങ് ക്ഷമതാപരിശോധന നടത്താമെന്നാണ് പറയുന്നത്. ഒരുദിവസം പരമാവധി 90 പേർക്കാണ് ഒരു കേന്ദ്രത്തിൽ പരിശോധന നടത്താനാകുക. രണ്ടുലക്ഷംപേരുടെ ഡ്രൈവിങ് ക്ഷമതാപരിശോധനയ്ക്ക് കാലമേറെയെടുക്കും. ലേണിങ് ലൈസൻസിന് പരമാവധി ആറുമാസമാണ് കാലാവധി. അതിനുശേഷം 300 രൂപ ഫീസടച്ച് വീണ്ടും പുതുക്കണം. കോവിഡിന്റെ അടുത്ത തരംഗം തുടങ്ങുകയാണെങ്കിൽ പരിശോധന വീണ്ടും വൈകും. േമാട്ടോർ വാഹനവകുപ്പിന്റെ അനാസ്ഥയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് രണ്ടുലക്ഷത്തോളമാളുകൾ.


from mathrubhumi.latestnews.rssfeed https://ift.tt/3icMt79
via IFTTT