Breaking

Wednesday, September 29, 2021

പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തയാളെ ഇരുത്തിയെന്ന് കാറുടമയ്ക്ക് നോട്ടീസ്; പോലീസ് പിഴയിട്ടത് 500 രൂപ

തിരുവനന്തപുരം: കാറോടിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കണോ? പിഴയടയ്ക്കാനുള്ള പോലീസ് നോട്ടീസ് കൈയിൽ പിടിച്ച് രജനീകാന്ത് അന്തംവിട്ടു. ഹെൽമെറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി വാഹനമോടിച്ചതായി കൺട്രോൾ റൂമിൽ വാട്സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാൽ 500 രൂപ പിഴയൊടുക്കണമെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് കെ.എൽ.21 എൽ. 0147 എന്ന നമ്പരുള്ള കാറിന്റെ ഉടമയായ വെമ്പായം സ്വദേശി രജനീകാന്തിനു ലഭിച്ചത്. കഴിഞ്ഞ എട്ടിന് ശ്രീകാര്യം ചെക്കാലമുക്ക് റോഡിൽ വെച്ചുള്ള നിയമലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കൺട്രോൾ റൂമിൽ നിന്നുള്ള നോട്ടീസ് ഇദ്ദേഹത്തിന് കിട്ടിയത്. കാറിന്റെ നമ്പരും ഹെൽമെറ്റ് ധരിച്ചില്ല എന്ന കാരണവും കൃത്യമായി രേഖപ്പെടുത്തിയതാണ് പിഴ നോട്ടീസ്. നോട്ടീസിൽ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോവുകയും ചെയ്തിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം നേരിട്ടോ ഒപ്പമുള്ള ചെല്ലാൻ വഴി ഏതെങ്കിലും എസ്.ബി.ഐ. ബ്രാഞ്ചിലോ ഫൈൻ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. അല്ലെങ്കിൽ കോടതി വഴി നിയമനടപടി നേരിടേണ്ടിവരുമെന്നും താക്കീതുണ്ട്. വിശദീകരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം നേരിട്ടെത്തി ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. കൺട്രോൾ റൂമിൽ രജനീകാന്ത് പരാതി അറിയിച്ചപ്പോൾ ഡിജിറ്റൽ നമ്പർ മാറിപ്പോയതാണ് എന്നായിരുന്നു മറുപടി. പിഴ ഒടുക്കേണ്ടെന്നും നോട്ടീസ് കീറി കളഞ്ഞേക്കാനും പോലീസ് തന്നെ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3m4Pk3j
via IFTTT