Breaking

Saturday, September 25, 2021

കോവിഡ് മരണങ്ങളുടെ പുനഃപരിശോധന: കണ്ടെത്തിയത് ഏഴായിരത്തോളം അധികമരണങ്ങൾ

തിരുവനന്തപുരം : കോവിഡ് മരണങ്ങൾ മറച്ചുവെക്കുന്നുവെന്ന് പരാതികൾ ഉയർന്നതിനെത്തുടർന്ന് നടത്തിയ പുനഃപരിശോധനകൾക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം മരണങ്ങൾ. കോവിഡ് മരണം കണക്കാക്കുന്ന സംസ്ഥാനതല സമിതി ഇത് അംഗീകരിച്ചെങ്കിലും ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനഃപരിശോധിച്ചത്. കോവിഡ് നെഗറ്റീവ് ആയി ഒരുമാസത്തിനകമുള്ള മരണങ്ങളും ആത്മഹത്യകളും കൂട്ടിച്ചേർക്കുമ്പോൾ ഈ കണക്ക് ഇരട്ടിയായേക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള മാർഗരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് മരണകാരണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തിയത്. ആരോഗ്യ വകുപ്പിന്റെ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ച കണക്കുകളും തമ്മിൽ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായി വിവരാവകാശ രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു. ആ സമയത്ത് പതിനാറായിരത്തിലധികം മരണമാണ് ആരോഗ്യവുകുപ്പിന്റെ കണക്കുകളിലുണ്ടായിരുന്നത്. ഇൻഫർമേഷൻ മിഷൻ കണക്കുകളിൽ 23,486-ഉം. ഐ.സി.എം.ആറും ഡബ്ല്യൂ.എച്ച്.ഒ.യും പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചികിത്സിക്കുന്ന ഡോക്ടർതന്നെയാണ് മരണകാരണവും സ്ഥിരീകരിച്ചിരുന്നത്. പരാതി ഉയർന്നതോടെ ജൂൺ 16 മുതൽ അതത് ജില്ലയുടെ കോവിഡ് മരണക്കണക്ക് ജില്ലകൾ നേരിട്ട് ഓൺലൈനായാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും കണക്കുകൾ സുതാര്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/39yy7JC
via IFTTT