Breaking

Wednesday, September 29, 2021

കന്നുകാലിത്തീറ്റയാക്കാവുന്ന പാത്രം; നിര്‍മാണം ഉമിയും തവിടുമുപയോഗിച്ച്, ദേശീയ പുരസ്‌കാരം

നേമം: പരിസ്ഥിതിസൗഹാർദ പാത്രനിർമാണ സാങ്കേതികവിദ്യ കണ്ടുപിടിത്തത്തിന് പാപ്പനംകോട്ടെ കേന്ദ്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആർ.- നിസ്റ്റിന് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) ദേശീയ പുരസ്കാരം. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം പ്രകൃതിദത്ത പരിസ്ഥിതിസൗഹാർദ പാത്രങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യക്കാണ് 10 ലക്ഷം രൂപയുടെ സി.എസ്.ഐ.ആർ. റൂറൽ ടെക്നോളജി പുരസ്കാരം ലഭിച്ചത്. നെല്ലിൽനിന്ന് അരി സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഉമിയും തവിടും ഉപയോഗിച്ച് പരിസ്ഥിതി സൗഹാർദപാത്രങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇത്തരം പാത്രങ്ങൾ ഉപേക്ഷിച്ചാൽ തൊണ്ണൂറുദിവസത്തിനകം മണ്ണിൽ ലയിക്കും. തവിടിൽ നിർമിക്കുന്നതായതിനാൽ ഉപയോഗം കഴിഞ്ഞ് പാത്രങ്ങൾ കന്നുകാലിത്തീറ്റയായും ഉപയോഗിക്കാനാകും. പരിസ്ഥിതിസൗഹാർദ പാത്രം നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച നിസ്റ്റിലെ ശാസ്ത്രജ്ഞർ ഇത്തരത്തിൽ നിർമിക്കുന്ന പാത്രങ്ങൾക്കും കപ്പുകൾക്കും ആറുമാസം വരെ ഉപയോഗിക്കാവുന്നതിനുള്ള കാലാവധിയും നൂറ് ഡിഗ്രി ചൂടു വരെ താങ്ങാൻ കഴിയുന്നതുമാണ്. എൻജിനീയറിങ് ടെക്നോളജിയിൽ യുവ ശാസ്ത്രജ്ഞനുള്ള അവാർഡ് നിസ്റ്റിലെ ഡോ. അച്ചുചന്ദ്രന് ലഭിച്ചു. കറൻസികളിൽ സുരക്ഷിതത്വത്തിനുപയോഗിക്കുന്ന മഷി കണ്ടുപിടിച്ചതിനു സ്ഥാപനത്തിനും പുരസ്കാരമുണ്ട്. ഡയറക്ടർ ഡോ. അജയ്ഘോഷിന്റെ നേതൃത്വത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.


from mathrubhumi.latestnews.rssfeed https://ift.tt/2XUfhtS
via IFTTT