Breaking

Tuesday, September 28, 2021

വിശ്വശാന്തിക്കായുള്ള പ്രാർഥനായജ്ഞമായി മാതാ അമൃതാനന്ദമയിയുടെ ജന്മദിനാചരണം

കരുനാഗപ്പള്ളി : ആഘോഷങ്ങളില്ലാതെ വിശ്വശാന്തിക്കായുള്ള പ്രാർഥനായജ്ഞമായി മാതാ അമൃതാനന്ദമയിയുടെ 68-ാമത് ജന്മദിനാചരണം. അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഭക്തരും ധ്യാനത്തിനും പ്രാർഥനയ്ക്കും മറ്റു സേവനങ്ങൾക്കുമായി ജന്മദിനം നീക്കിവെച്ചു. സാധാരണയായി ലോകമെമ്പാടുമുള്ള ഭക്തർ അമൃതപുരിയിലേക്ക് ഒഴുകിയെത്തി സേവനോത്സവമായാണ് മാതാ അമൃതാനന്ദമയിയുടെ ജന്മദിനം ആചരിച്ചിരുന്നത്. അമൃതപുരിയിലെ എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കുന്ന കൂറ്റൻ വേദിയിലായിരുന്നു ദിനാചരണച്ചടങ്ങുകൾ നടന്നിരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികളും മറ്റു വിശിഷ്ടവ്യക്തികളും മൂന്നുദിനങ്ങളിലായി നടന്നിരുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ കഴിഞ്ഞവർഷത്തെപ്പോലെ ഇത്തവണയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കി. ആശ്രമത്തിലെ അന്തേവാസികൾ മാത്രമാണ് ജന്മദിനാചരണത്തിൽ പങ്കെടുത്തത്. അമൃതപുരി ആശ്രമത്തിലെ 504 ബ്രഹ്മചാരികളും ബ്രഹ്മചാരിണിമാരും പങ്കെടുത്ത വിശ്വശാന്തിക്കായുള്ള പ്രത്യേക യജ്ഞങ്ങളും ഹോമങ്ങളും ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്നു. ജന്മദിനമായ തിങ്കളാഴ്ച രാവിലെ നാലുമുതൽ മഹാഗണപതിഹോമം, നവഗ്രഹഹോമം, ലളിതാസഹസ്രനാമജപം എന്നിവയും നടന്നു. തുടർന്ന് സ്വാമി അമൃതസ്വരൂപാനന്ദ നയിച്ച സത്‌സംഗം, ഗുരുപാദുകപൂജ, ലോകസമാധാനത്തിനായുള്ള ധ്യാനം, പ്രാർഥന എന്നിവയുമുണ്ടായിരുന്നു. തുടർന്ന് മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശം നൽകി. വൈകീട്ട് 6.30 മുതൽ 7.30 വരെ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അനുയായികൾ പ്രാർഥന നടത്തി. ചടങ്ങുകൾ തത്‌സമയം കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു. വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3F18lwi
via IFTTT