Breaking

Wednesday, September 29, 2021

മൂന്ന് മാസം...കള്ളൻ കൊണ്ടുപോയത് മുന്നൂറ് വാഴക്കുലകൾ; കവർന്നത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ കുലകൾ

കരുണാപുരം : മൂന്ന് മാസത്തിനിടെ പഴയ കൊച്ചറയിലെ കൃഷിയിടത്തിൽ നിന്ന് വിളവെടുപ്പിന് പാകമായ മുന്നൂറോളം വാഴക്കുലകൾ പോയതായി പരാതി. കരുണാപുരം സ്വദേശി പോൾസൺ സോളമന്റെ ഏഴേക്കർ പാട്ടകൃഷിയാണ് മോഷ്ടാക്കളുടെ ഭീഷണി നേരിടുന്നത്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ വാഴക്കുലകളാണ് ഇതുവരെ നഷ്ടമായത്. കമ്പംമെട്ട് പോലീസ് കേസെടുത്തു. സമ്മിശ്ര കൃഷിയാണ് ഇവിടെ ചെയ്യുന്നത്. ഏലം, കുരുമുളക്, കാപ്പി കൃഷിയുടെ ഇടവിളയായി 25,000 വാഴയും നട്ടു. ഏത്തവാഴ, ഞാലിപ്പൂവൻ, പാളയംതോടൻ, റോബസ്റ്റ, പൂവൻ തുടങ്ങിയ ഇനങ്ങൾ വിളവെടുക്കാൻ പാകമായപ്പോൾ മോഷ്ടാക്കളുടെ ശല്യം തുടങ്ങി. കഴിഞ്ഞ രാത്രിയിലും വാഴക്കുലകൾ മോഷണം പോയി. നിറം പിടിപ്പിച്ചു, എന്നിട്ടും പ്രതിയെ പിടിച്ചില്ല മോഷ്ടാക്കളുടെ ശല്യം രൂക്ഷമായപ്പോൾ വാഴക്കുലകളിൽ ചായം പൂശി. ഈ കുലകൾ കൊച്ചറയിലെ ഒരു പച്ചക്കറി വിൽപ്പന കേന്ദ്രത്തിൽ മോഷ്ടാക്കൾ വിറ്റതായി കണ്ടെത്തി. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. കൃഷിസ്ഥലം പാട്ടത്തിനെടുത്തിരിക്കുന്ന പോൾസൺ വിദേശത്താണ്. കൃഷി നോക്കി നടത്തുന്ന കെ.ജെ.ജോർജുകുട്ടി എന്നയാളാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സമീപതോട്ടങ്ങളിലും മോഷണം നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും കമ്പംമെട്ട് പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/39JYgFB
via IFTTT