Breaking

Sunday, September 26, 2021

ഹൈവേ ഇറക്കത്തില്‍ ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; അരക്കിലോമീറ്റര്‍ ആധിയോടെ...

പൊൻകുന്നം: മാതൃഭൂമി ചിറക്കടവ് എസ്.ആർ.വി.ജങ്ഷൻ ഏജന്റ് ജി.സന്തോഷ്കുമാറിനും ഭാര്യ കെ.ജി.അമ്പിളിക്കും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സ്കൂട്ടർ യാത്രയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചത്തേത്. പൊൻകുന്നം-പുനലൂർ ഹൈവേയിലെ പടനിലംമുതൽ തെക്കേത്തുകവല വരെയുള്ള അരക്കിലോമീറ്റർ ഇറക്കം ബ്രേക്ക് നഷ്ടപ്പെട്ട സ്കൂട്ടറിൽ യാത്രചെയ്ത അനുഭവത്തിന്റെ ഞെട്ടൽ ഇനിയും മാറിയില്ല. പത്രവരിക്കാരുടെ വീടുകളിലെത്തി പണംപിരിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി.ദൃശ്യം കണ്ടവരാരും ഇരുവരും രക്ഷപ്പെട്ടെന്ന യാഥാർഥ്യം അദ്ഭുതത്തോടെയാണ് അംഗീകരിക്കുന്നത്. ബ്രേക്ക് നഷ്ടപ്പെട്ട് സ്കൂട്ടർ അപകടഓട്ടം തുടങ്ങിയത് ഇവിടെനിന്ന് അവരുടെ വാക്കുകളിലൂടെ... അമ്പിളിയുടെ അച്ഛൻ മാതൃഭൂമി തെക്കേത്തുകവല ഏജന്റ് കോയിപ്പുറത്ത് കെ.എൻ.ഗോപിനാഥൻ നായരുടെ സ്കൂട്ടറിലായിരുന്നു പത്ര വരിസംഖ്യ പിരിക്കാൻ യാത്ര. ഒരുവർഷമായി ഉപയോഗിക്കാതിരുന്ന സ്കൂട്ടർ. കഴിഞ്ഞ രണ്ടുദിവസമായി ചെറിയ ഓട്ടത്തിന് കാർ ഒഴിവാക്കി സ്കൂട്ടർ എടുത്തതാണ്. പൊൻകുന്നം-പുനലൂർ ഹൈവേയിലൂടെ ചെറിയ വേഗത്തിലാണ് മടക്കം. പടനിലം പള്ളിയുടെ തൊട്ടടുത്ത വളവിൽനിന്ന് ഇറക്കം തുടങ്ങുകയാണ്. അവിടെ വെച്ചാണ് രണ്ടുബ്രേക്കുകളും കിട്ടുന്നില്ലെന്ന് മനസ്സിലായത്. ആക്സിലേറ്റർ പരമാവധി വേഗത്തിലേക്ക് മുറുകിനിൽക്കുന്നു; വേഗം കുറയ്ക്കാനുമാവുന്നില്ല. നൂറുമീറ്റർ അതിവേഗത്തിൽ പിന്നിട്ടപ്പോൾ അമ്പിളിയോട് പറഞ്ഞു. മുറുകെ പിടിച്ചോണം. ഇനി എവിടെങ്കിലും ഇടിപ്പിച്ചുനിർത്തുകയേ മാർഗമുള്ളൂ. അമ്പിളിക്ക് ഹെൽമെറ്റില്ല. പുതിയ ഹൈവേയാണ്. ടാറിങ് കഴിഞ്ഞുള്ള അരികിൽ ഓടയും സ്ലാബും ടൈലും. നടപ്പാതയുടെ തിട്ടയും. മൺതിട്ട ഒരിടത്തുമില്ല. തെറിച്ചുവീണാൽ തലയിടിക്കും. അതിനാൽ സുരക്ഷിതമായ ഇടം നോക്കിയേ ഇടിപ്പിക്കാനാവൂ. തെക്കേത്തുകവലയിലെത്തുമ്പോൾ വഴി നിരപ്പാവും. അവിടെ എല്ലാവരും പരിചയക്കാരാണ്. അവിടെ ഇടിപ്പിച്ചുനിർത്താം. കവലയിലെത്തിയപ്പോൾ മുൻപിലുള്ള കാറിനെയും മറ്റൊരു ബൈക്കിനെയും അതിവേഗത്തിൽ മറികടന്ന് ഞങ്ങളുടെ സ്കൂട്ടർ. നടപ്പാതയോട് ചേർന്ന് രണ്ട് അടയാള ബോർഡുണ്ട്. അതിൽ ഇടിപ്പിച്ച് നിർത്താമെന്നായിരുന്നു കണക്കുകൂട്ടൽ. ഇടിച്ച ഉടൻ ബോർഡുകളിലൊന്ന് ചരിഞ്ഞു. ഇരുവരും ഉയർന്നുതെറിച്ചു. തൊട്ടടുത്തുള്ള റേഷൻ കടയുടെ തിണ്ണയിലേക്ക് ഞാൻ തെറിച്ചുവീണു. അമ്പിളി കലുങ്കിന് മുകളിലൂടെ താഴെയുള്ള കുഴിയിലേക്കും. അവിടെ മണ്ണായതിനാൽ കാര്യമായ പരിക്കില്ല. പിന്നെ ഏറെ നേരത്തേക്ക് ഇരുവർക്കും ഓർമയില്ല. തെക്കേത്തുകവലയിലെ ഡ്രൈവർമാരും കടക്കാരും പരിചയക്കാരുമെല്ലാം ഓടിക്കൂടിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ തകർന്ന സ്കൂട്ടർ സന്തോഷിന്റെ കാൽവിരലിന് പൊട്ടൽ, തലയിൽ മൂന്ന് തുന്നലുള്ള മുറിവ്, അമ്പിളിക്ക് തെറിച്ചുവീണതിന്റെ ഫലമായി ദേഹമാസകലം ചതവ്. ആശുപത്രിയിൽനിന്നെത്തി വീട്ടിൽ ഇരുവരും വിശ്രമത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/3o7XRVz
via IFTTT