Breaking

Wednesday, September 29, 2021

കിളിമാനൂര്‍ തട്ടിപ്പ്: സന്തോഷിന്റെ തുടക്കം ചിട്ടിപ്പിരിവില്‍; പുരാവസ്തുക്കള്‍ മോണ്‍സണ് കൈമാറി?

കിളിമാനൂർ: പുരാവസ്തു കച്ചവടത്തിനെന്നപേരിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ സന്തോഷ്, വ്യാപാരികൾ നടത്തിയിരുന്ന ചിട്ടികളുടെ കളക്ഷൻ ഏജന്റെന്നനിലയിലാണ് പുറംലോകവുമായി അടുക്കുന്നത്. ചിട്ടിപ്പിരിവിനിറങ്ങിയതോടെ ഇയാൾക്ക് കച്ചവടക്കാരുമായും പണം വായ്പകൊടുക്കുന്നവരുമായും അടുത്ത ബന്ധമുണ്ടാക്കാനായി. ഇതാണ് ഇയാൾ പിന്നീട് തന്റെ തട്ടിപ്പിനുപയോഗിച്ചത്. ചിലരിൽനിന്ന് പണം വായ്പയ്ക്ക് വാങ്ങിയശേഷം സ്വന്തമായി ദിവസച്ചിട്ടിക്ക് പണം നല്കിക്കൊണ്ട് പണമിടപാടുകളിലേക്കു കടന്നു. 2000-2001 കാലയളവിലാണ് ഇയാൾ പുരാവസ്തുക്കൾ ശേഖരിക്കുന്നതായി നാട്ടുകാർ അറിഞ്ഞുതുടങ്ങിയത്. തുടർന്ന് പുരാവസ്തുക്കൾ വാങ്ങാനെന്നപേരിൽ പലരിൽ നിന്നും ഇയാൾ പണം കടംവാങ്ങിത്തുടങ്ങി. ഇതിനിടെ പഴയവീട് പൊളിച്ച് ആധുനികസൗകര്യങ്ങളോടെയുള്ള വീട് പണിതു. ഈ വീടിനുള്ളിൽ പുരാവസ്തുക്കൾ സംഭരിച്ച് ആളുകളെ പ്രദർശിപ്പിച്ചു. നീയാരോ സുന്ദരിയോ എന്ന ഓഡിയോ ആൽബം പുറത്തിറക്കി. അബദ്ധം അംബുജാക്ഷൻ എന്ന ഒരു സീരിയൽ നിർമിക്കുകയും അതിന്റെ ചിത്രീകരണം പോങ്ങനാട്ടും പരിസരത്തുംവെച്ച് നടത്തുകയും ചെയ്തു. ഇതോടെ ഇയാൾ വലിയ ഇടപാടുകൾ നടത്തുന്നയാളാണെന്ന ധാരണ നാട്ടുകാരിലുണ്ടായി. ആരെയും വീഴ്ത്തുന്ന വാഗ്ചാതുരി സന്തോഷിന്റെ വാഗ്ചാതുരിയിൽ ആരും വീണുപോകുമെന്ന് തട്ടിപ്പിനിരകളായവർ പറയുന്നു. കൈവശമുള്ള പുരാവസ്തുവിന് വിദേശത്തുനിന്ന് ഒരാൾ വൻ തുക വിലപറഞ്ഞിട്ടുണ്ടെന്നും ബാങ്കിടപാടുകൾ കാണിക്കുന്നതിനായി കുറച്ച് തുക വേണമെന്നുമുള്ള തരത്തിലാണ് പലരെയും വിശ്വസിപ്പിച്ച് തുക വാങ്ങിയത്. ചിലർക്ക് ആദ്യം വാങ്ങിയപണം ഉടനേ മടക്കിക്കൊടുക്കും. പണം മടക്കിക്കൊടുക്കുമ്പോൾ നോട്ടുകെട്ടുകളടങ്ങിയ ഒരു ബാഗും കൈവശമുണ്ടാകും. ബാഗ് തുറന്ന് പണം കാണിച്ച് കൂടുതൽ പണം വേണമോയെന്ന് ചോദിക്കും. ഇത്തരത്തിലുള്ള പ്രകടനങ്ങളിലൂടെ പുരാവസ്തുക്കച്ചവടത്തിൽനിന്ന് വലിയ തുക ലഭിക്കുന്നുണ്ടെന്നുള്ള ധാരണവരുത്തുന്നതിനിടയാക്കി. പലരും മുൻപിൻനോക്കാതെ ഇയാളാവശ്യപ്പെട്ട തുക നല്കിയത് ഇതുകൊണ്ടാണ്. ചിലർ മറ്റുള്ളവരിൽനിന്ന് വായ്പവാങ്ങിയും ഇയാൾക്ക് പണം നല്കി. 30 ലക്ഷം രൂപവരെ ഇയാൾക്ക് കടംകൊടുത്തവർ നാട്ടിലുണ്ട്. പുരാവസ്തുക്കൾ മോൺസണ് കൈമാറിയതായി സൂചന പോങ്ങനാട്ടെ വീട്ടിൽ സന്തോഷ് സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളെല്ലാം ഇയാൾ മോൺസൺ മാവുങ്കലിന് കൈമാറിയതായി സൂചന. മോൺസന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പല സാധനങ്ങളും സന്തോഷിന്റെ ശേഖരത്തിലുണ്ടായിരുന്നതായി നാട്ടുകാർ ഓർമിക്കുന്നു. ഇരുവരും ഒത്തുചേർന്നതിനു ശേഷമാകണം പുരാവസ്തുക്കളുപയോഗിച്ച് വൻ തട്ടിപ്പിന് കളമൊരുക്കിയത്. മോൺസന്റേതായി പുറത്തുവന്നിട്ടുള്ള ടെലിഫോൺ സംഭാഷണങ്ങളിൽ അയാൾ പറയുന്ന വാചകങ്ങളും വാക്കുകളും വർഷങ്ങൾക്കുമുമ്പ് തങ്ങൾ കേട്ടതാണെന്ന് സന്തോഷിന്റെ തട്ടിപ്പിന് ഇരകളായവർ പറയുന്നു. അതുകൊണ്ട് മോൺസൺ നടത്തിയ തട്ടിപ്പിൽ സന്തോഷിന് വലിയപങ്കുണ്ടാകുമെന്നും ഒരു പക്ഷേ, ഈ തട്ടിപ്പിന്റെ മാസ്റ്റർബ്രെയിൻ സന്തോഷായാൽ അതിൽ അത്ഭുതപ്പെടാനില്ലെന്നുമാണ് നാട്ടുകാരുടെ പക്ഷം. സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കേസുണ്ടെങ്കിലും ഇയാൾ ഇടയ്ക്കിടെ രഹസ്യമായി പോങ്ങനാട്ട് വന്നുപോയിരുന്നതായി സൂചനയുണ്ട്. പലരുമായും ടെലിഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. അല്പകാലം മുമ്പ് ഫോണിൽ വിളിച്ച ഒരാളോട് എനിക്ക് പരിചയമുള്ള ഒരു സാറുണ്ട്. സാറിന് കുറച്ച് ഫണ്ട് ഉടനേകിട്ടും. അതിൽനിന്ന് കുറച്ച് എനിക്കും കിട്ടും. അതുമായി ഞാൻ പോങ്ങനാട്ടേക്കു വരും. എന്ന് പറഞ്ഞിരുന്നു. സംഭാഷണത്തിൽ പരാമർശിക്കപ്പെട്ട സാറ് മോൺസൺ മാവുങ്കൽ തന്നെയാകാനാണ് സാധ്യതയെന്ന് പണം നഷ്ടപ്പെട്ടവർ കരുതുന്നു. ചെടികളുടെ നഴ്സറിയും നടത്തി കിളിമാനൂർ: പുരാവസ്തുക്കൾ വാങ്ങുന്നതിനും മറ്റുമായി വലിയ തുക വേണമെന്നും വിറ്റാൽ നല്ല ലാഭം കിട്ടുമെന്നും സന്തോഷ് പരിചയക്കാരെ വിശ്വസിപ്പിച്ചിരുന്നു. കിളിമാനൂർ പോങ്ങനാട് വാച്ചുകട ഉടമയായിരുന്ന അനിൽകുമാറിന് 10 ലക്ഷം രൂപയാണ് സന്തോഷ് നൽകാനുള്ളത്. സ്വന്തം പണവും പലരിൽനിന്നായി വാങ്ങിനൽകിയതാണിത്. കുറച്ച് ഒരു അഭിഭാഷകൻ മുഖേന തിരികെക്കിട്ടി. 12 വർഷം മുൻപ്, ജന്മനാടായ പോങ്ങനാടുനിന്ന് സന്തോഷ് പലരിൽനിന്നായി സ്വരൂപിച്ചത് രണ്ട് കോടിയോളം രൂപ. അന്ന് 35 വയസ്സിൽ താഴെ മാത്രം പ്രായമുള്ള യുവാവിന് ഇതെങ്ങനെ സാധിച്ചുവെന്നത് അത്ഭുതമാണ്. സാധാരണ കുടുംബത്തിലെ അംഗം, പഠനകാലത്ത് വ്യാപാരിക്കൂട്ടായ്മ നടത്തിയിരുന്ന ചിട്ടി പിരിക്കാൻ ചുമതലയേറ്റതോടെയാണ് സന്തോഷിന്റെ സാമ്പത്തിക സഹകരണങ്ങൾ തുടങ്ങുന്നത്. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും കൊടുത്ത പണം മുൻകൂർ ചിട്ടിയായി (റോൾ)നൽകി നിത്യം പിരിച്ചെടുത്തു. ഈ സമയമാണ് ഇയാൾക്ക് പുരാവസ്തുക്കളുടെ ശേഖരണത്തിൽ കമ്പം തോന്നിയത്. പുരാവസ്തു ശേഖരണത്തിനൊപ്പം അലങ്കാരച്ചെടികളുടെ ഒരു നഴ്സറി തുടങ്ങി. പുരാവസ്തു ശേഖരണത്തിലേക്ക് ശ്രദ്ധ ഊന്നിയതോടെ നഴ്സറി നിർത്തി. പുരാവസ്തുക്കൾ വാങ്ങാനും ഒപ്പം വില്ക്കാനും തുടങ്ങിയതോടെ സന്തോഷിന്റെ ബന്ധങ്ങൾ വലുതായി. നാട്ടിൽ നാണയം സന്തോഷ് എന്ന പേരു പ്രശസ്തമായി. പുരാവസ്തുശേഖരങ്ങൾ ചലച്ചിത്ര ചിത്രീകരണത്തിന് ഇയാൾ വാടകയ്ക്ക് നൽകിയിരുന്നതായി സൂചനയുണ്ട്. ഒരു സംഭവകഥയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയവും ദുരന്തവും പ്രമേയമായ ചലച്ചിത്രത്തിൽ ഉപയോഗിച്ചിരുന്ന ചില പഴയകാല വസ്തുക്കൾ സന്തോഷിന്റെ ശേഖരത്തിലുള്ളതാണെന്ന് നാട്ടിൽ പ്രചരിച്ചിരുന്നു. കടബാധ്യതമൂലം നാട്ടിൽനിന്ന് മാറിനിന്നെങ്കിലും നാട്ടിലെ ചിലരുടെ കടം അല്പാല്പമായി ഇയാൾ വീട്ടിയിരുന്നു. എന്നാൽ 30 ലക്ഷം വരെ കൊടുത്തിട്ട് ഒരുരൂപ പോലും തിരികെക്കിട്ടാത്തവരും കൂട്ടത്തിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3ieP7JA
via IFTTT