തൃശ്ശൂർ: വധഭീഷണിയുണ്ടെന്ന് മൊഴി നൽകിയതിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കൊടിസുനി അതിസുരക്ഷാ ജയിലിൽ നിരാഹാരസമരം നടത്തി. ഞായറാഴ്‌ച രാവിലെ ആരംഭിച്ച നിരാഹാരം ചൊവ്വാഴ്‌ച രാത്രിയോടെ അവസാനിപ്പിച്ചു. അമ്മയും സഹോദരിയും ജയിലിലെത്തി കണ്ടതിന് പിന്നാലെയാണ് നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാരം അവസാനിപ്പിച്ച കാര്യം ജയിൽ അധികൃതർ എഴുതിവാങ്ങുകയും ചെയ്തു. നിരാഹാരം തുടങ്ങുകയാണെന്ന വിവരം ശനിയാഴ്‌ച സുനി വീട്ടിൽ വിളിച്ചുപറഞ്ഞിരുന്നു. ഇതറിഞ്ഞാണ് അമ്മയും സഹോദരിയും ചൊവ്വാഴ്‌ച സുനിയെ കാണാൻ ജയിലിലെത്തിയത്. സുനി അവശനായിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത്. ഭക്ഷണം മാത്രമല്ല വെള്ളവും ഉപേക്ഷിച്ചായിരുന്നു സമരം. ജയിൽ അധികൃതർ അയഞ്ഞതും നിരാഹാരം അവസാനിപ്പിക്കാൻ പ്രേരണയായി എന്നറിയുന്നു. തനിക്കെതിരേ വധഭീഷണിയുണ്ടായി എന്നത് അധികൃതർ ഗൗരവത്തിൽ കാണുന്നില്ലെന്നാണ് സുനിയുടെ പരാതി. വധഭീഷണിയുണ്ടെന്ന് മൊഴി നൽകിയശേഷം വൈരാഗ്യത്തോടെയാണ് ജയിൽ അധികൃതർ പെരുമാറുന്നതെന്നും അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും സുനിക്ക് പരാതിയുണ്ട്. എന്നാൽ ജയിൽമാറ്റത്തിനുള്ള സൂത്രമായാണ് അന്വേഷണ റിപ്പോർട്ടിൽ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. വധഭീഷണി സംബന്ധിച്ച് സുനി മൊഴി നൽകി ഒരുമാസത്തോളം കഴിഞ്ഞപ്പോഴാണ് ഈ വിവരം പുറത്തറിഞ്ഞത്. ഫോൺ ഉപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് ജയിൽ മാറ്റിയതെന്നായിരുന്നു അതുവരെ ജയിൽ അധികൃതർ പറഞ്ഞിരുന്നത്. വധഭീഷണി പുറത്തറിഞ്ഞശേഷം മാത്രമാണ് സുരക്ഷയ്ക്കുവേണ്ടിയെന്ന രീതിയിൽ മാറ്റിപ്പറഞ്ഞതെന്നും ആരോപണമുണ്ട്.അതിസുരക്ഷാ ജയിലിൽ മുഴുവൻസമയവും സെല്ലിനകത്ത് കഴിയേണ്ടിവരുന്നതിലും പ്രതിഷേധമുണ്ട്. കണ്ണൂർ ജയിലിലേക്കുള്ള മാറ്റത്തിനായി സുനി വളരെക്കാലമായി ശ്രമിക്കുന്നുണ്ട്. ഇത് നടക്കാത്തതിലും സുനിക്കും കുടുംബത്തിനും പ്രതിഷേധമുണ്ട്. സുനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായാണ് ഇവർ ആരോപിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങളിലും സുനിയുടെ പേര് വലിച്ചിടുന്നതിന് ചിലർ മനഃപൂർവം ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
from mathrubhumi.latestnews.rssfeed https://ift.tt/39KdOZV
via
IFTTT